20 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ട് കണ്ണൂർ വിമാനതാവളം!
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം യാത്രികരുടെ എണ്ണത്തില്‍ 20 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടു. ഈമാസം 20ന് ദോഹയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്ത വളപട്ടണം സ്വദേശി ജരീഷ് ആലയാടത്താണ് 20-ലക്ഷാമത്തെ യാത്രികന്. അദ്ദേഹത്തിനൊപ്പം ഭാര്യ അഷ്ജാന്‍ അന്‍വര്‍, മക്കള്‍ അയാന്, സീവ എന്നിവരുമുണ്ടായിരുന്നു.
2018 ഡിസംബര്‍ ഒമ്ബതിന് പ്രവര്‍ത്തനം തുടങ്ങിയ കണ്ണൂര്‍ വിമാനത്താവളം 10 മാസംകൊണ്ട് യാത്രികരുടെ എണ്ണത്തില്‍ 10 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ലോക്ക്ഡൗണില്‍ സര്‍വീസുകള്‍ കുറഞ്ഞത് 20 ലക്ഷത്തിലേക്ക് എത്താന്‍ കാലതാമസമുണ്ടാക്കി.
തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ചെന്നൈ, കോഴിക്കോട്, ഗോവ, ഹൂബ്ളി, ഡല്‍ഹി, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി അന്താരാഷ്ട്ര സര്‍വീസുകളും നടക്കുന്നു.കൊവിഡ് കാലത്ത് കണ്ണൂര്‍ വിമാനത്താവളം വഴി ഒരു ലക്ഷത്തില്‍ ഏറെ പ്രവാസികളാണ് നാട്ടിലെത്തിയത്.