2019 -2020ല്‍ ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി നിര്‍ണായകമായ മൂന്നു നയങ്ങൾ!
തിരുവനന്തപുരം: 2019 -2020 ല്‍ നേരിട്ടും അല്ലാതെയുമായി ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി രൂപയെന്ന് കണക്കുകള്‍. കേരളത്തിലേക്ക് വരുമാനം എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഒരു മേഖലയാണ് ടൂറിസം കാലോചിതമായ നൂതന ആശയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കി ടൂറിസം മേഖലയെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തി വരുമാന വര്‍ധനവ് നിലനിര്‍ത്താനായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മികച്ച നയങ്ങളാണ് ടൂറിസം വകുപ്പിന്‍്റെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കിടയില്‍ സ്വീകരിച്ചത്. ഇതില്‍ നിര്‍ണായകം മൂന്നു നയങ്ങളാണ്.
2017 ആവിഷ്കരിച്ച തടസ്സരഹിത (ബാരിയര്‍ ഫ്രീ) ടൂറിസം പദ്ധതിയാണ് ഇതില്‍ ഒന്നാമത്തേത്.അന്താരാഷ്ട്ര ബാരിയര്‍ ഫ്രീ മാനദണ്ഡങ്ങള്‍ ഒരുക്കി ടൂറിസം കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദം ആക്കുന്ന നയമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. 2021 മാര്‍ച്ച് ആകുമ്ബോള്‍ 120 വിനോദസഞ്ചാര കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുക എന്ന പ്രഖ്യാപനത്തിന്‍്റെ ആദ്യഘട്ടം പൂര്‍ത്തിയായി. 69 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമായി. ശേഷിക്കുന്ന 51 കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് സര്‍ക്കാര്‍ അറിയിക്കുന്നു.
ഉത്തരവാദിത്ത ടൂറിസത്തിന് പ്രാധാന്യം നല്‍കി ഇതിനെ മിഷന്‍ രീതിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതാണ് മറ്റൊരു നയം. 2008 ല്‍ നാല് സ്ഥലങ്ങളില്‍ തുടങ്ങിയ ഉത്തരവാദിത്ത ടൂറിസം മിഷന്‍ 2011 ല്‍ മൂന്നു കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിച്ചു. എന്നാല്‍ 2017 മുതല്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 2020 നവംബറില്‍ 20,098 യൂണിറ്റുകള്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. ഇതിലൂടെ 36,815 പേര്‍ക്ക് നേരിട്ടും 63,915 പേര്‍ക്ക് അല്ലാതെയും ഗുണഫലം ലഭിച്ചു.
1,00,730 പേര്‍ക്ക് പ്രാദേശികതലത്തില്‍ വരുമാന സ്രോതസ്സ് കൈവരിക്കാന്‍ സാധിച്ചു.
ആകെയുള്ള യൂണിറ്റുകളില്‍ 16 ,915 (80%) എണ്ണവും സ്ത്രീകള്‍ നടത്തുന്നവയാണ്. ഇങ്ങനെ ടൂറിസം കൊണ്ടുള്ള വരുമാനം സ്ത്രീകളിലേക്കും പ്രാദേശിക സാമ്ബത്തിക വികസനത്തിലേക്കും എത്തിക്കുന്നതിലേക്ക് മാറാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന് സാധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് പദ്ധതിയിലൂടെ 36 കോടിയോളം രൂപ പ്രാദേശികതലത്തില്‍ വരുമാനം ലഭിച്ചു എന്നാണ് കണക്കാക്കുന്നത്. അയ്മനം ഗ്രാമപഞ്ചായത്തിനെ ആദ്യത്തെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കാനും സാധിച്ചു.
ടൂറിസം കേന്ദ്രത്തിലെ മാലിന്യനിര്‍മാര്‍ജനത്തിനായി പ്രത്യേക പരിഗണന നല്‍കുന്നതാണ് മൂന്നാമത്തെ നയം . ഗ്രീന്‍ കാര്‍പെറ്റ് എന്ന പദ്ധതിയുടെ ഭാഗമായി 79 തിരഞ്ഞെടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 4.79 കോടി രൂപ ചെലവില്‍ ജൈവ – അജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതുകൂടാതെ 12 പ്രധാന കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശൗചാലയങ്ങള്‍ നിര്‍മിക്കാനും
ഈ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നു. ഇപ്രകാരം ഭാവിയിലേക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങള്‍ ആവിഷ്കരിക്കുകയും അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. അന്താരാഷ്ട്ര തലത്തില്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനും അതിലൂടെ കൂടുതല്‍ വരുമാനം സംസ്ഥാനത്തേക്ക് എത്തിക്കാനും കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ടൂറിസം വകുപ്പിലൂടെ സാധിച്ചു എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.