2020 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി മാരുതി സുസുക്കി സ്വിഫ്റ്റ് മാറി!  

ഇന്ത്യയില്‍ നിരവധി മോഡലുകള്‍ വന്നുപോയെങ്കിലും അന്നും ഇന്നും ഒരേ പ്രതാപത്തോടു കൂടി വിപണിയില്‍ തുടരുന്ന ചില കാറുകളില്‍ ഒന്നാണ് പാവപ്പെട്ടവരുടെ മിനി കൂപ്പര്‍ എന്ന് ചിലരെങ്കിലും വിളിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ്. ജാറ്റോ ഡൈനാമിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലായി മാരുതി സുസുക്കി സ്വിഫ്റ്റ് മാറി. 2020 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെ ഓരോ മാസവും കാറിന്റെ ശരാശരി 15,798 യൂണിറ്റുകളാണ് നിരത്തിലെത്തിയിരിക്കുന്നത്.കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 മോഡലുകളില്‍ ഏഴും മാരുതി സുസുക്കിയുടെ കാറുകളാണെന്നതും ശ്രദ്ധേയമാണ്.

സുരക്ഷയില്ല, പപ്പടമാണ് എന്നൊക്കെ വിമര്‍ശകര്‍ വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ മാരുതി കാറുകള്‍ക്കുള്ള സ്വീകാര്യത അതൊന്ന് വേറെ തന്നെയാണ്.2005-ല്‍ വിപണിയില്‍ എത്തിയതു മുതല്‍ സ്വിഫ്റ്റ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ്. കഴിഞ്ഞ ദശകത്തില്‍ ബി-സെഗ്മെന്റ് ഹാച്ച്‌ബാക്കുകളുടെ വരവും എന്‍ട്രി ലെവല്‍ എ-സെഗ്മെന്റ് മോഡലുകള്‍ക്കെതിരെ മികച്ച സ്വീകാര്യത നേടുന്നതും ഇന്ത്യന്‍ കാര്‍ വിപണി പക്വത പ്രാപിച്ചു എന്നതിന്റെ സൂചനയാണ്.കഴിഞ്ഞ ആറ് മാസത്തിനിടെ വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ 14 ലക്ഷത്തിലധികം വാഹനങ്ങള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ 14 ലക്ഷം വാഹനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകള്‍ അതേപടി ഇത്തവണയും തുടരുന്നു എന്നതും കൗതുകമുണര്‍ത്തുന്നു.

മാരുതി മോഡലുകളാണ് 2020-ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. പ്രതിമാസം ശരാശരി 14,466 യൂണിറ്റുകള്‍ വിറ്റഴിച്ച്‌ വാഗണ്‍ആര്‍ രണ്ടാംസ്ഥാനത്ത് എത്തിയപ്പോള്‍ 14,461 യൂണിറ്റുമായി ആള്‍ട്ടോ 800 മൂന്നാം സ്ഥാനത്തും 14,316 യൂണിറ്റുമായി ബലേനോ നാലാം സ്ഥാനത്തുമാണ്. പാസഞ്ചര്‍ വാഹന വിഭാഗത്തിലെ മൊത്തം വിപണി വിഹിതത്തിന്റെ 55 ശതമാനവും മാരുതി കൈയ്യടക്കിയിരിക്കുകയാണ്. രണ്ട് മോഡലുകളുള്ള ശക്തമായ ജനപ്രീതി മുതലെടുത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാര്‍ കമ്ബനിയായി ഹ്യുണ്ടായിയും തുടരുന്നു. തുടര്‍ന്ന് അഞ്ചാം സ്ഥാനത്ത് 11,480 യൂണിറ്റ് വില്‍പ്പനയുള്ള ഹ്യുണ്ടായി ക്രെറ്റയും 11,328 യൂണിറ്റുമായി മാരുതി ഡിസയര്‍ ആറാം സ്ഥാനത്തുമാണ്. മാരുതി സുസുക്കി ഇക്കോയും 9522 യൂണിറ്റുകളില്‍ ഏഴാം സ്ഥാനത്തെത്തി. 9,380 യൂണിറ്റുകളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എട്ടാമത്തെ മോഡലാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 നിയോസ്. കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയയുടെ സെല്‍റ്റോസ് ശരാശരി 8,871 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച്‌ ശക്തമായ സാന്നിധ്യമറിയിച്ച്‌ ഒമ്ബതാം സ്ഥാനത്തെത്തുകയും ചെയ്തു. 8,067 യൂണിറ്റുകള്‍ വിറ്റഴിക്കുന്ന മാരുതി സുസുക്കി എര്‍ട്ടിഗയാണ് പട്ടികയില്‍ അവസാനത്തേയും പത്താമത്തെയും വില്‍പ്പനയുള്ള മോഡല്‍. ടാറ്റ കാറുകള്‍ വിപണിയില്‍ ശക്തമായ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും ആദ്യ പത്തില്‍ എത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team