2021 ബഡ്ജറ്റ് : സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ പെന്‍ഷന്‍ ഫണ്ടുകളെയും ഇന്‍ഷുറന്‍സ് കമ്ബനികളെയും അനുവദിക്കാന്‍ സാധ്യത!
2021 ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന്റെ മുന്നോടിയായി, ഇന്ത്യന്‍ പെന്‍ഷന്‍ ഫണ്ടുകളെയും ഇന്‍ഷുറന്‍സ് കമ്ബനികളെയും ബദല്‍ നിക്ഷേപ ഫണ്ടുകള്‍ വഴി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കാന്‍ ധനമന്ത്രാലയം സജീവമായി ശ്രമിക്കുന്നായി റിപ്പോര്‍ട്ടുകള്‍. ഇക്കണോമിക് ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അത്തരമൊരു നീക്കം ആഭ്യന്തര ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ കമ്ബനികള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തുന്ന ഫണ്ടിലേക്ക് മൂലധന നിക്ഷേപം നടത്താന്‍ അനുവദിക്കും.
ഇത് സ്റ്റാര്‍ട്ടപ്പ് കമ്മ്യൂണിറ്റിയുടെ വളരെ വലിയ ആവശ്യമാണ്. ആഭ്യന്തര മൂലധനത്തെ ആകര്‍ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായി വേണം ഈ നീക്കത്തെ കാണാന്‍.ആത്‌മ നിര്‍ഭര്‍ ഭാരതത്തിനായുള്ള സര്‍ക്കാരിന്‍റെ ആഹ്വാനത്തെയും സ്റ്റാര്‍ട്ടപ്പ് സംവിധാനത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലവും സ്വാശ്രയവുമാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഈ വിഷയത്തില്‍ നിരവധി ഉന്നതതല മീറ്റിംഗുകള്‍ അടുത്തിടെ നടന്നതായി ഇടി നൌ റിപ്പോര്‍ട്ട് ചെയ്തു. അതായത് ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ ഐആര്‍ഡിഎഐ, പെന്‍ഷന്‍ റെഗുലേറ്റര്‍ പിഎഫ്‌ആര്‍ഡിഎ എന്നിവര്‍ ചേര്‍ന്നാണ് ചര്‍ച്ചകള്‍ നടത്തിയത്.
വിദേശ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് നല്‍കിക്കൂടാ എന്ന് 2019 ഡിസംബറില്‍ ഡിപിഐഐടി സെക്രട്ടറി ഗുരു പ്രസാദ് മൊഹാപത്ര പറഞ്ഞിരുന്നു. ആറുമാസത്തിനുശേഷം, മുന്‍ ധനമന്ത്രി ജയന്ത് സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്നും അനുകൂല അനുമതി ലഭിക്കുകയും ചെയ്തു. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്), ഇന്‍ഷുറന്‍സ് കമ്ബനികള്‍ എന്നിവ പോലുള്ള പ്രമുഖ സ്ഥാപന നിക്ഷേപകര്‍ക്ക് അവരുടെ ഫണ്ടിന്റെ 1-3 ശതമാനമെങ്കിലും സ്റ്റാര്‍ട്ടപ്പ് ധനസഹായത്തിനായി നീക്കിവയ്ക്കാമെന്ന് സിന്‍ഹ പറഞ്ഞു.