300 വിമാനങ്ങൾ വാങ്ങാൻ പദ്ധതി ഒരുക്കി എയർ ഇന്ത്യ
എയർ ഇന്ത്യയ്ക്കു വേണ്ടി 300 ചെറുവിമാനങ്ങൾ വാങ്ങാൻ ടാറ്റ. എയർബസ് എ320 നിയോ, ബോയിങ് 737 മാക്സ് എന്നീ നാരോ–ബോഡി വിമാനങ്ങളാണ് പരിഗണനയിലുള്ളത്. 3 ലക്ഷം കോടി രൂപയുടെ ഇടപാട്, വ്യോമയാന ഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നായിരിക്കും. 5 വർഷത്തിനകം, ദീർഘദൂര വിദേശ റൂട്ടുകൾക്ക് ഉപയോഗിക്കാവുന്ന 60 വൈഡ്–ബോഡി വിമാനങ്ങളടക്കം 200 വിമാനങ്ങൾ വാങ്ങുകയാണ് കമ്പനിയുടെ അടിയന്തര ലക്ഷ്യമെന്നും സൂചനയുണ്ട്.
2006 ൽ 154 വിമാനങ്ങൾക്ക് ഓർഡർ നൽകിയശേഷം ആദ്യമായാണ് എയർ ഇന്ത്യ പുതിയ വിമാനങ്ങൾ വാങ്ങുന്നത്. അന്ന് 111 ബോയിങ് വിമാനങ്ങളും 43 എയർ ബസ് വിമാനങ്ങളുമാണ് വാങ്ങിയത്. 300 വിമാനങ്ങൾ ഓർഡർ നൽകിയാലും കമ്പനികൾ അവ നിർമിച്ചു കൈമാറാൻ വർഷങ്ങളെടുക്കും. എയർബസ് പ്രതിമാസം 50 ചെറുവിമാനങ്ങൾ വീതമാണ് നിർമിക്കുന്നത്. കൂടുതലും എയർബസ് വിമാനങ്ങളാണ് ഇന്ത്യൻ വ്യോമയാനക്കമ്പനികളുടേത്. വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് ടാറ്റയോ എയർ ഇന്ത്യയോ പ്രതികരിച്ചിട്ടില്ല.