40 വയസുകാരന് എങ്ങനെ കോടിപതിയാകാം; മാസത്തിൽ എത്ര രൂപ എവിടെ നിക്ഷേപിക്കണം
നിക്ഷേപത്തിൽ കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കാൻ നേരത്തെ നിക്ഷേപം ആരംഭിക്കുകയാണ് വേണ്ടത്. നേരത്തെ ആരംഭിക്കുന്നവർക്ക് ചെറിയ തുക കൊണ്ട് വലിയ സമ്പത്ത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എന്നാൽ അൽപം വൈകിയെന്ന് കരുതി നിക്ഷേപത്തിന് നിക്ഷേപ ലക്ഷ്യം മാറ്റേണ്ടതില്ല. 30 വയസ് കഴിഞ്ഞവർക്കും നിക്ഷേപത്തിന് വലിയ സാധ്യതയാണ് മുന്നിലുള്ളത്.
60 വയസു വരെ ജോലി ചെയ്യുമെങ്കിൽ 30 വയസുകാരന് 30 വർഷം നിക്ഷേപിക്കാൻ ലഭിക്കും. 40 വയസുകാരനാണെങ്കിൽ 20 വർഷമെന്ന ദീർഘകാലയളവ് നിക്ഷേപത്തിനായി മുന്നിലുണ്ട്. 30-നും 40-നും ഇടയിലുള്ള പ്രായപരിധിയിലുള്ള വ്യക്തി 60-ാം വയസിലേക്ക് എത്തുമ്പോഴേക്കും 10 കോടി രൂപ സമ്പാദിക്കണമെന്ന് ആഗ്രഹിച്ചാൽ ഇതിന് എന്തൊക്കെ വഴിയാണ് മുന്നിലുള്ളതെന്ന് പരിശോധിക്കാം.
60-ാം വയസിൽ 10 കോടി സമ്പാദിക്കാൻ ആഗ്രഹിക്കുന്നൊരാൾ വിരമിക്കൽ കാലത്തേക്കുള്ള ധനസമാഹരണമാകും ഉദ്യേശിക്കുന്നുണ്ടാവുക. നിക്ഷേപത്തിലേക്ക് കടക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് നിക്ഷേപിക്കാൻ ലഭ്യമായ വർഷങ്ങളുടെ എണ്ണമാണ്. 30 വയസുണ്ടെങ്കിൽ നിക്ഷേപിക്കാൻ 30 വർഷം കൂടിയുണ്ടെന്ന് സാരാം.
40 വയസുകാരന് 20വർഷവും ലഭിക്കും. ശേഷം നിക്ഷേപത്തിൽ പ്രതീക്ഷിക്കുന്ന വരുമാനം കണക്കാക്കണം. ഇത് തിരഞ്ഞെടുക്കുന്ന അസറ്റ് അലോക്കേഷൻ അനുസരിച്ച് വ്യത്യാസപ്പെടും.ഡെബ്റ്റ് നിക്ഷേപത്തിലാണ് കൂടുതൽ അലോക്കേഷൻ നടത്തുന്നതെങ്കിൽ ഇക്വിറ്റി ഫണ്ടുകളുടെ പോർട്ട്ഫോളിയോയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കുറവ് റിട്ടേൺ മാത്രമാണ് ലഭിക്കുകയുള്ളൂ.
പ്രായത്തെയും നിങ്ങളുടെ നിക്ഷേപ ശൈലിയെയും ആശ്രയിച്ച് 30 വയസുകാരന് 30 വർഷം കൊണ്ട് 10 കോടി രൂപ ലക്ഷ്യത്തിലെത്താൻ പ്രതിമാസം 30,000 രൂപ മുതൽ 1.7 ലക്ഷം രൂപ വരെ നിക്ഷേപിക്കേണ്ടി വരാം.ഡെബ്റ്റ് നിക്ഷേപം തിരഞ്ഞെടുക്കുന്ന യാഥാസ്ഥിതിക നിക്ഷേപകർ 30 വർഷത്തേക്ക് 8 ശതമാനം ശരാശരി വരുമാനം പ്രതീക്ഷിക്കുമ്പോൾ പ്രതിമാസം 68,000-69,000 രൂപ നിക്ഷേപിച്ചാൽ മാത്രമാണ് 10 കോടി എന്ന ലക്ഷത്തിൽ എത്തുകയുള്ളൂ.
ഇക്വിറ്റിയിലും ഡെബ്റ്റിലും തുല്യമായി നിക്ഷേപിക്കുന്ന ബാലൻസ്ഡ് പോർട്ട്ഫോളിയോ 10 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിച്ചാൽ 46,000-47,000 രൂപ നിക്ഷേപിച്ചു കൊണ്ട് 30 വർഷ കാലയളവിൽ 10 കോടി സമ്പാദിക്കാം.ഇക്വിറ്റിയിൽ മാത്രം നിക്ഷേപിക്കുന്നൊരാൾക്ക് 30 വർഷത്തേക്ക് 12 ശതമാനം ശരാശരി വരുമാനം പ്രതീക്ഷിക്കാം. ഇവിടെ പ്രതിമാസം 30,000-31,000 രൂപയാണ് നിക്ഷേപിക്കേണ്ടത്.
നിക്ഷേപ കാലയളവ് കുറയുമ്പോൾ മാസത്തിൽ നിക്ഷേപിക്കേണ്ട തുകയും കൂടും. ഡെബ്റ്റിൽ നിക്ഷേപിക്കുന്ന യാഥാസ്ഥിതിക നിക്ഷേപകന് 20 വർഷത്തേക്ക് 8 ശതമാനം ശരാശരി വരുമാനം ലഭിക്കുമ്പോൾ മാസത്തിൽ 1.6 ലക്ഷം രൂപ മുതൽ 1.7 ലക്ഷം രൂപ വരെ നിക്ഷേപിച്ചാലാണ് 10 കോടി സമ്പാദിക്കാൻ സാധിക്കുക.
ബാലൻസ്ഡ് നിക്ഷേപകന് പ്രതിമാസം 1.3 ലക്ഷം മുതൽ 1.4 ലക്ഷം രൂപ വരെ നിക്ഷേപിക്കേണ്ടതായി വരും. ഇക്വിറ്റിയിൽ നിക്ഷേപിക്കുന്ന വ്യക്തിക്ക് 20 വർഷത്തേക്ക് 12 ശതമാനം ശരാശരി വാർഷിക വരുമാനം ലഭിക്കുമ്പോൾ പ്രതിമാസം 1 ലക്ഷം മുതൽ 1.1 ലക്ഷം രൂപ വരെ നിക്ഷേപിക്കണം.നിക്ഷേപം നേരത്തെ ആരംഭിക്കുമ്പോൾ മുന്നിൽ ദീർഘ കാലയളവുള്ളതിനാൽ ലക്ഷ്യത്തിലെത്താൻ നിക്ഷേപിക്കേണ്ടത് കുറഞ്ഞ തുകയാണെന്ന് മനസിലാക്കാം.
20-30 വർഷത്തേക്ക് എല്ലാ മാസവും ഒരേ തുക നിക്ഷേപിക്കുന്നതിന് പകരം, വരുമാനം വർധിക്കുന്നതിന് അനുസരിച്ച് നിക്ഷേപത്തിലും വർധനവ് വരുത്താം. എല്ലാ വർഷവും അല്ലെങ്കിൽ കുറഞ്ഞത് വർഷങ്ങൾ കൂടുമ്പോൾ പ്രതിമാസ എസ്ഐപി ടോപ്പ്-അപ്പ് ചെയ്യേണ്ടതുണ്ട്. ഇത് വേഗത്തിൽ നിക്ഷേപ ലക്ഷ്യത്തിലെത്താൻ സഹായിക്കും.
20 വർഷത്തിന് മുകളിലുള്ള നിക്ഷേപ കാലയളവ് കണക്കിലെടുക്കുമ്പോൾ നിക്ഷേപിക്കാൻ ഏറ്റവും മികച്ചത് ഇക്വിറ്റികളെന്ന് കാണാം. മിക്ക ഡെബ്റ്റ് നിക്ഷേപങ്ങളുെ പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനം നൽകുന്നതിൽ പരാജയപ്പെടുമ്പോൾ ഇക്വിറ്റികൾക്ക് പണപ്പെരുപ്പം മറികടക്കാവുന്ന റിട്ടേൺ നൽകാൻ സാധിക്കും. ദീർഘകാലത്തേക്ക് ഇക്വിറ്റിയിൽ നിക്ഷേപിക്കുന്നത് സമ്പത്ത് വളരാൻ സഹായിക്കും.