449 രൂപയ്ക്ക് പ്രതിമാസം 3300 ജിബി ഡാറ്റ; വിപണിയെ വിറപ്പിക്കും പ്ലാനുമായി BSNL
രാജ്യത്തെ ടെലികോം വിപണിയിൽ വീണ്ടും ശക്തിയാർജിക്കാൻ ബ്രോഡ്ബാന്റ് രംഗത്ത് മത്സരിക്കാനൊരുങ്ങുകയാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ. 449 രൂപയിൽ ആരംഭിക്കുന്ന അത്യാകർഷകമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ബ്രോഡ്ബാന്റ് ഓഫറുകളാണ് ബിഎസ്എൻഎൽ അടുത്തിടെ അവതരിപ്പിച്ചിരിക്കുന്നത്.
449 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ തുടങ്ങിയ ബ്രോഡ്ബാന്റ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രോമോഷണൽ ഓഫറിന്റെ ഭാഗമായി അവതരിപ്പിച്ച ഈ പ്ലാനുകൾ ഒക്ടോബർ ഒന്ന് മുതൽ 90 ദിവസം മാത്രമേ ലഭ്യമാവൂ. മാത്രവുമല്ല, ഈ ഓഫറുകൾ നഗരപ്രദേശങ്ങളിൽ മാത്രമേ ലഭിക്കുകയുള്ളു.
449 രൂപയുടെ ഫൈബർ ബേസിക് പ്ലാനിൽ 3.3 ടിബി അഥവാ 3300 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. സെക്കന്റിൽ 30 എംബി വേഗത ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 3300 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത സെക്കന്റ് രണ്ട് എംബിയിലേക്ക് കുറയും. ആൻഡമാൻ നിക്കോബാർ സർക്കിൾ ഒഴികെ രാജ്യത്തെ മറ്റെല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭിക്കും. ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് അൺലിമിറ്റഡ് വോയ്സ് കോളിങ് ലഭ്യമാണ്.
അതുപോലെ ബിഎസ്എൻഎൽ ബ്രോഡ്ബാന്റിന്റെ 799 രൂപയുടെ ഫൈബർ വാല്യു പ്ലാനിൽ 3300 ജിബി ഡാറ്റ 100 എംബിപിഎസ് വേഗത്തിൽ ലഭിക്കും. 999 രൂപയുടെ പ്രീമിയം പ്ലാനിൽ വേഗത 200 എംബിപിഎസ് ആയി വർധിക്കും.
അതേസമയം 1499 രൂപയുടെ ഫൈബർ അൾട്രാ പ്ലാനിൽ 4000 ജിബി ഡാറ്റ 300 എംബിപിഎസ് വേഗതയിൽ ഉപയോഗിക്കാനാവും.
നേരത്തെ സൂചിപ്പിച്ച പോലെ ഒക്ടോബർ ഒന്ന് മുതൽ രാജ്യത്തെ വിവിധ നഗരങ്ങളിലാണ് ഈ നാല് പ്ലാനുകളും ലഭിക്കുക. മാത്രവുമല്ല മത്സരം നേരിടുന്ന നഗരങ്ങളിൽ മാത്രമേ ഇത് അവതരിപ്പിക്കുകയുള്ളൂ.
വ്യക്തമായി പറഞ്ഞാൽ 399 രൂപയുടെ ജിയോ ഫൈബർ പ്ലാനിനെ വെല്ലുവിളിക്കുകയാണ് ബിഎസ്എൻഎൽ ഈ പുതിയ പ്രൊമോഷണൽ ഓഫറുകളിലൂടെ.