5G പരീക്ഷണം വിജയം!
ന്യൂഡല്‍ഹി: 5ജി സാങ്കേതികവിദ്യയില്‍ ലോകത്തിന് മാതൃകയായി ഇന്ത്യ. സെക്കന്‍ഡില്‍ ഒരു ജി.ബി. വേഗം കൈവരിച്ചതോടെ ആഗോളവിപണിയില്‍ നടക്കുന്ന 5ജി സാങ്കേതികവിദ്യാ പരീക്ഷണങ്ങളില്‍ മേല്‍കൈ നേടാന്‍ ക്വാല്‍കോം- ജിയോ കൂട്ടുകെട്ടിനായി. ക്വാല്‍കോമുമായി ചേര്‍ന്ന് രാജ്യത്ത് 5ജി അവതരിപ്പിക്കാനുള്ള ജിയോയുടെ ശ്രമമാണ് വിജയത്തിലെത്തുന്നത്. 5ജി സാങ്കേതികവിദ്യക്കായി ഇന്ത്യയില്‍ തന്നെ അടിസ്‌ഥാനസൗകര്യവും ഉപകരണങ്ങളും വികസിപ്പിക്കുമെന്നു കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്‌തമാക്കിയിരുന്നു.
ക്വാല്‍കോമിന്റെ സാങ്കേതികവിദ്യ അടിസ്‌ഥാനമാക്കി തദ്ദേശീയമായി ജിയോ വികസിപ്പിച്ച 5ജി റാന്‍(റേഡിയോ ആക്‌സസ് നെറ്റ്‌വര്‍ക്ക്) ഉപയോഗിച്ചായിരുന്നു പരീക്ഷണം.ക്വാല്‍കോം 5ജി ഉച്ചകോടിയില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം വൈസ് പ്രസിഡന്റ് മാത്യു ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച സംവിധാനത്തിലാണ് 5ജി പരീക്ഷണം നടന്നത്. റിലയന്‍സുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ടെക് ഭീമനായ ക്വാല്‍കോം അടുത്തിടെ ജിയോ പ്ലാറ്റ്‌ഫോമില്‍ വന്‍നിക്ഷേപം നടത്തിയിരുന്നു.