60 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ, മൂന്നുദിന വാക്സീനേഷൻ ദൗത്യം ഇന്നു മുതൽ  

തിരുവനന്തപുരം: ഊർജ്ജിത വാക്സീനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സീനേഷന് ഇന്ന് തുടക്കം.16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യഡോസ് വാക്സീനെത്തിക്കാനാണ് തീരുമാനം. 

തിരുവനന്തപുരം ജില്ലയിൽ ഇനി 60 വയസ്സിന് മുകളിൽ ഉള്ളവരിൽ ആദ്യഡോസ് കിട്ടാത്തവർ 2000 ൽ താഴെയാണെന്നാണ് വിവരം. ഗ്രാമീണ മേഖലകളിലും പിന്നോക്ക ജില്ലകളിലും എല്ലാവരെയും വാക്സീനേഷനെത്തിക്കാൻ താഴേത്തട്ടിൽ കർശന നിർദേശമുണ്ട്.  പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളിൽ മുഴുവൻ പരിശോധന നടത്തി രോഗമില്ലാത്തവർക്കെല്ലാം വാക്സീൻ നൽകുകയാണ്. ആഗസ്ത് 31 നകം സ്കൂൾ വിദ്യാർത്ഥികളടക്കമുള്ളവരിൽ സമ്പൂർണ്ണ ആദ്യ ഡോസ് വാക്സീനേഷനെന്നതാണ് ദൗത്യം. നാല് ലക്ഷത്തിലധികം ഡോസ് വാക്സീൻ സംസ്ഥാനത്ത് പുതുതായി എത്തി. 

അതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘം കേരളത്തിൽ സന്ദർശനം നടത്തും. കേന്ദ്രമന്ത്രി കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുന്നുണ്ട്. ആദ്യസന്ദർശനം കേരളത്തിലാണ്. മുഖ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team