ഇന്ത്യയെ നിക്ഷേപ കേന്ദ്രമാക്കുന്നതിന് വിദേശത്തെ ഇന്ത്യന്‍ ദൗത്യ സംഘങ്ങളുടെ സഹായം തേടി കേന്ദ്രം  

ഇന്ത്യയെ ആഗോളരാജ്യങ്ങള്‍ക്ക് താല്‍പ്പര്യമുള്ള നിക്ഷേപ കേന്ദ്രമാക്കി മാറ്റാന്‍ വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ ദൗത്യ സംഘങ്ങളുടെ സഹായം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയല്‍ അഭ്യര്‍ത്ഥിച്ചു. ബിസിനസ് അവസരങ്ങള്‍ക്കും കയറ്റുമതിക്കും വേദിയൊരുക്കുകയും ഒപ്പം ഇന്ത്യയെ വിശ്വസനീയവും നിക്ഷേപ സൗഹൃദവുമായ കേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കാനും വിദേശങ്ങളിലെ ഇന്ത്യന്‍ ദൗത്യ സംഘങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനൊപ്പം 131 ഓളം വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ ദൗത്യസംഘ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരി കാലഘട്ടത്തെ നമ്മുടെ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്ന അവസരമാക്കി മാറ്റാന്‍ എല്ലാവരും പ്രയത്‌നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതതലത്തില്‍ ഇതു സംബന്ധിച്ച്‌ നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായി മന്ത്രി അറിയിച്ചു. കോവിഡിനു ശേഷമുള്ള കാലഘട്ടത്തെ പ്രയോജന പ്രദമാക്കാന്‍, വികസിത, വികസ്വര രാജ്യങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍

ശേഷിയുള്ള നേതാവാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന് ഗോയല്‍ പറഞ്ഞു. ഏകദേശം നൂറോളം രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തില്‍ നിന്നും പ്രയോജനം ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇന്‍വെസ്റ്റ് ഇന്ത്യ, നിക്ഷേപ പ്രോത്സാഹന- ആഭ്യന്തര വ്യാപാര വകുപ്പ് എന്നിവ സംയുക്തമായി, ഇന്ത്യയില്‍ ഫാക്ടറികള്‍, നിര്‍മാണ യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് ഒരു ഏകജാലക സംവിധാനം രൂപീകരിക്കാനുള്ള പരിശ്രമത്തിലാണ്. കോവിഡ് 19 നുശേഷമുള്ള കാലയളവിലെ വാണിജ്യ വ്യവസായ സാധ്യതകളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദേശസംഘങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നൂതനാശയങ്ങളും പങ്ക് വെയ്ക്കണമന്ന് അദ്ദേഹം പറഞ്ഞു. വിദേശസംഘങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൂടുതല്‍ കമ്ബനികളും ബിസിനസ് സംരംഭങ്ങളുമായി ബന്ധം സ്ഥാപിക്കാനും അതിലൂടെ വ്യാപാര ശൃംഖല വിപുലപ്പെടുത്താനും ഗോയല്‍ ആവശ്യപ്പെട്ടു.

കോവിഡിനെത്തുടര്‍ന്ന് എല്ലാ രാജ്യങ്ങളും പ്രതിസന്ധി നേരിടുമ്ബോള്‍, വാണിജ്യത്തിലൂടെയും നിക്ഷേപത്തിലൂടെയുമാണ് ഇന്ത്യ, കരകയറുകയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. വിദേശ ദൗത്യ സംഘങ്ങള്‍, ഓഫീസുകളില്‍ നിന്നും പുറത്തിറങ്ങി, ബിസിനസ് കമ്ബനികളുമായി ബന്ധം സ്ഥാപിക്കാനും വ്യാപാര ശൃംഖല രൂപപ്പെടുത്താനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഔഷധരംഗം, കാര്‍ഷികരംഗം എന്നീ മേഖലകളിലെ സാധ്യതകളെപ്പറ്റി പറഞ്ഞ അദ്ദേഹം ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാര നിക്ഷേപ സാധ്യതകളും ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team