MSMEs: കോവിഡ് കാലത്തെ അതിജീവനമാർഗ്ഗങ്ങൾ!  

സാമൂഹ്യ-സാമ്പത്തിക രംഗങ്ങളിലെ അങ്ങേയറ്റത്തെ വ്യതിയാനങ്ങൾ വാണിജ്യസ്ഥാപനങ്ങളുടെ ആധാരശിലകളുടെ ദൃഢത പരീക്ഷിക്കുമെന്ന് നമുക്കറിയാം. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഇതിനകംതന്നെ തകിടംമറിച്ച കൊറോണ വൈറസ്, സർവ്വമേഖലകളിലേയും രാജ്യങ്ങളിലേയും ബിസിനസ്സ് സംരംഭങ്ങളുടെ ഊർജസ്വലതയേയും ഉത്സാഹത്തേയും വെല്ലുവിളിക്കാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് പോലെയുള്ള മഹാമാരികളുടെ കാലത്ത്, തൻ്റെ അതിജീവനത്തിനാവശ്യമായ പ്രധാനപ്പെട്ട കാര്യങ്ങളിൽ മാത്രമേ വ്യക്തികളും കുടുംബങ്ങളും ശ്രദ്ധചെലുത്തൂ എന്നത് തികച്ചും സ്വാഭാവികമാണ്. ഇത്തരം അനിശ്ചിതത്വങ്ങളിൽ തനിക്ക് ഏറ്റവും പ്രാധാന്യമുള്ള വിഷയംമാത്രം ശ്രദ്ധിക്കുക എന്ന ആശയം ഒരാളുടെ സർവ്വ ചിന്തകളുടേയും പ്രവർത്തനങ്ങളുടേയും നിരുപാധികമായ സ്തംഭനമായിരിക്കരുത് എന്ന് മനുഷ്യരാശിയുടെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. മറിച്ച്, ഈ പിൻവാങ്ങൽ തൻ്റെ അസ്തിത്വം ഉറപ്പുവരുത്തുന്നതിനും കോവിഡ്-19 ന് ശേഷമുള്ള കാലഘട്ടത്തിൽ കൂടുതൽ ചടുലതയോടും ചുറുചുറുക്കോടും കൂടി പ്രവർത്തിക്കുന്നതിനാവശ്യമായ ഊർജ്ജം സംഭരിക്കുന്നതിനുള്ള ഒരു ധ്യാനമായാണ് പരിഗണിക്കപ്പെടേണ്ടത്.

വ്യക്തികൾ തങ്ങളുടെ സ്വരക്ഷയുടെയും സുരക്ഷിതത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ, ബിസിനസ്സുകാർ അവരുടെ ബിസിനസ്സിനെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് പ്രയാസമില്ലാത്തവിധം, തങ്ങളുടെ ബിസിനസ്സ് നിലവിലുള്ള മാന്ദ്യത്തെ അതിജീവിക്കുമെന്ന് ഉറപ്പുവരുത്താൻ ബാധ്യസ്ഥരാണ്. ഇന്നലെ എടുത്ത നിരവധി തീരുമാനങ്ങളുടെ ഫലമാണ് ഇന്നത്തെ നമ്മുടെ ബിസിനസ്സ്. അതുപോലെ, ഇന്ന് നാം എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ബിസിനസ്സിന്റെ നാളെയെ നിർണ്ണയിക്കും.

കോവിഡ്-19 മഹാമാരി സൃഷ്ടിച്ച ഇന്നത്തെ അഭൂതപൂർവമായ സാമ്പത്തിക സാഹചര്യത്തിൽ, തീരുമാനങ്ങളെടുക്കുമ്പോൾ ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും കൂടുതൽ സൂക്ഷ്‌മമായും ഗഹനമായും വിലയിരുത്താൻ ഓരോ സംരംഭകനും നിർബന്ധിതനായിട്ടുണ്ട്.  ചരിത്രത്തിൽ സമാനതകളില്ലാത്ത നിലവിലെ വെല്ലുവിളികൾ ഉൾകൊള്ളാൻ, ഇതുവരെ കൃത്യതയോടെ സംരംഭകനെ സഹായിച്ച ബിസിനസ്സ് മോഡലുകൾക്ക് സാധിച്ചെന്നുവരില്ല. സർവ്വമേഖലകളിലും രാഷ്ട്രങ്ങളിലും വ്യാപകമായ ഈ ബിസിനസ്സ് വെല്ലുവിളികളിൽ ഭൂരിഭാഗവും ഘടനാപരമായ കാരണങ്ങൾ കൊണ്ടാണെന്ന വിലയിരുത്തലുകൾ വിഷയത്തിന്റെ സങ്കീർണ്ണത വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും പാദങ്ങളിലെ സാമ്പത്തികമാന്ദ്യ പ്രവണതകൾ കാരണം വിശേഷിച്ചും ഡിമാൻഡ് കുറഞ്ഞതുമൂലം ധാരാളം സംരംഭങ്ങൾ പ്രത്യേകിച്ച്, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSMEs) നേരത്തെതന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധി ലോക്‌ഡൗൺ കാരണം വളരെ രൂക്ഷമായ അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ, ലോക്‌ഡൗണിനു ശേഷവും ഒരു നിശബ്ദ കാത്തിരിപ്പെന്ന നടപടി മിക്ക സംരംഭകർക്കും സാധിച്ചെന്നുവരില്ല. മറിച്ച്, ബിസിനസ്സിനെ ഈ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കാനും വീണ്ടും അഭിവൃദ്ധിയുടെ കാലത്തെത്തിക്കുവാനും കൂടുതൽ സജീവമായ സമീപനമാണ് സംരംഭകരിൽ നിന്നുണ്ടാവേണ്ടത്.

ഈ മാറിയ സാഹചര്യത്തിൽ അത്യാശക്കു പകരം സംരംഭകർ ഒരു ഹൃസ്വകാല അതിജീവന തന്ത്രം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. അതിജീവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പ്രവർത്തനങ്ങളുടെ സ്വഭാവവും വ്യാപ്തിയും മാറ്റങ്ങൾക്കു വിധേയമാകുന്നത് കാണാം. ബിസിനസ്സിന്റെ അടിത്തറ ശക്തിപ്പെടുത്താനും അടിസ്ഥാനപരമായ കാര്യങ്ങൾ കുറ്റമറ്റതാക്കുവാനുമുള്ള ഒരവസരമായും ഈ സാഹചര്യത്തെ പരിഗണിക്കാവുന്നതാണ്. സംരംഭകരുടെ ക്രിയാത്മകവും തുറന്ന മനസ്സോടെയുള്ളതുമായ സമീപനം ആവശ്യമായ നയപരവും അതേസമയം ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതുമായ മൂന്നു കാര്യങ്ങളാണ് ഇനി പ്രതിപാദിക്കുന്നത്.

  1. സഹകരണത്തിന്റെ സിനർജി: ബിസിനസ്സിൽ സിനർജി എന്ന ആശയം വ്യാപകമായി എഴുതപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും, സ്ഥാപനങ്ങൾ അവരുടെ മൂല്യ ശൃംഖലയിലുടനീളമുള്ള (Value Chain) സിനർജിയുടെ സാധ്യതകൾ മുഴുവനായും പ്രയോജനപ്പെടുത്തുന്നു എന്ന നിഗമനത്തിന് മതിയായ തെളിവുകളില്ല. ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ മാത്രം നേടാൻ കഴിയുന്ന വളർച്ചയ്ക്ക് പരിമിതികളുള്ളതിനാൽ, പങ്കാളിത്തവും സഹകരണവും ഒരു വളർച്ചാ തന്ത്രം (Growth Strategy) മാത്രമല്ല, നിലവിലെ സാഹചര്യത്തിൽ ഒരു അതിജീവന തന്ത്രവും (Survival Strategy) കൂടിയാണ്. പല സംരംഭങ്ങൾക്കും നിലവിലെ സാഹചര്യത്തിൽ ഇന്റഗ്രേഷൻ (Vertical or horizontal integration) അപ്രാപ്യമായ ലക്ഷ്യമായെന്നു വരാം. അതിനാൽ, പങ്കാളിത്തവും സഹകരണവും മുന്നോട്ടുള്ള വഴിയും ഒരു വിൻ‑വിൻ നിർദ്ദേശവുമാകാം. യൂണിഫോം ആവശ്യമുള്ള ഒരു വലിയ സ്ഥാപനവുമായി സഹകരിക്കുന്ന ഒരു വസ്ത്ര നിർമ്മാതാവ് അല്ലെങ്കിൽ കർഷകരുമായി പങ്കാളിത്തമുള്ള ഒരു പച്ചക്കറി വിപണനക്കാരൻ എന്നിവ മുന്നോട്ടും പിന്നോട്ടുമുള്ള സഹകരണത്തിന്റെ ഉദാഹരണങ്ങളാണ്. അതുപോലെ, സമാന്തരമായപങ്കാളിത്തം വാങ്ങൽ, വിൽക്കൽ മുതലായ ഇടപാടുകളിൽ അനുകൂലമായ വ്യവസ്ഥകൾ‍ ലഭ്യമാക്കാനും എല്ലാ കക്ഷികൾക്കും ലാഭവിഹിതം ഉറപ്പാക്കാനും സഹായിക്കും. അത്തരം നടപടിക്രമങ്ങൾക്കെല്ലാം, പരസ്പരം പിന്തുണയ്ക്കുന്നതും മൂല്യ ശൃംഖലയിലുടനീളം പങ്കാളികളുമായി നേട്ടങ്ങൾ പങ്കിടുന്നതുമായ ഒരു വിൻ‑വിൻ സമീപനം അത്യന്താപേക്ഷിതമാണ്. താങ്കളുടെ ബിസിനസ്സിൽ പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരങ്ങളുണ്ടോ?
  2. പണത്തിന്റെ രാജപദവി: വലുതും ചെറുതുമായ സംരംഭങ്ങൾ ഒരുപോലെ ഇപ്പോൾ കരുതൽ ധനത്തിന്റെയും ദ്രവ്യതയുടെയും പ്രാധാന്യം ഏറെ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഓഹരികൾ തിരിച്ചുവാങ്ങാനായി കരുതൽ ധനം ഉപയോഗിച്ചുതീർത്ത യുഎസിലെയും യൂറോപ്പിലെയും വൻകിട എയർലൈൻ കമ്പനികൾ, നിലവിൽ ബെയ്ൽഔട്ട് (രക്ഷാപദ്ധതി) നേരിടുകയോ അല്ലെങ്കിൽ കടുത്ത പ്രതിസന്ധിയുടെ വക്കിലോ ആണ്. ഇത് എല്ലാ സംരംഭങ്ങൾക്കും പാഠങ്ങൾ നൽകുന്ന പ്രസക്തമായ ഒരു വസ്തുതയാണ്. ലാഭം മെച്ചപ്പെടുത്തുന്നതിനായി, പ്രവർത്തന മൂലധനത്തിലും ഹ്രസ്വകാല ആസ്തികളിലും കുറഞ്ഞ നിക്ഷേപം എന്ന ആശയം ബിസിനസിന്റെ സുഗമമായ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനാവശ്യമായ പണ കരുതൽ ശേഖരണത്തെ പ്രതികൂലമായി ബാധിച്ചു എന്നു പറയാതെവയ്യ. സാമ്പത്തികമാന്ദ്യ പ്രവണതകളും കോവിഡ് 19 മൂലമുള്ള ലോക്ഡൗണും ഒരു സ്ഥാപനത്തിന്റെ ഫണ്ട് മാനേജുമെന്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ കൂടുതൽ ശ്രദ്ധ അനിവാര്യമാക്കുന്നുണ്ട്. ഇതിൽ പ്രധാനമായവയാണ്, മതിയായ പണ കരുതൽ നിലനിർത്തുന്നതും ദ്രവ്യതയും (liquidity) ലാഭവും തമ്മിൽ ഒരു സമതുലിതാവസ്ഥ നിലനിർത്തുന്നതും. ഈ സാഹചര്യത്തിൽ‌, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSMEs)‌ അവരുടെ ഓപ്പറേറ്റിംഗ് സൈക്കിളുകളെ സമഗ്രമായി വിലയിരുത്തുകയും സൈക്കിളിന്റെ വേഗതകൂട്ടുക വഴി കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ശ്രമിക്കേണ്ടതുണ്ട്. ലോക് ഡൗണിനുശേഷമുള്ള കാലഘട്ടം ദ്രവ്യമായ പണം ഭരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, കൂടുതൽ വിവേകപൂർണ്ണമായ ഫണ്ട് മാനേജുമെന്റ് സമയത്തിന്റെ ആവശ്യമാണ്.
  3. ലീനും അജൈലുമായി വളരുക (lean and agile): ഡാർവിന്റെ ഒറിജിൻ ഓഫ് സ്പീഷീസിനെ അടിസ്ഥാനമാക്കി ലിയോൺ സി. മെഗ്ഗിൻസൺ എഴുതി, “ജീവിവർഗങ്ങളിൽ ഏറ്റവും ശക്തരോ ബുദ്ധിയുള്ളവരോ അല്ല, മറിച്ച്, കാലാനുഗുണമായി പരിതഃസ്ഥിതികളോട്‌ ഇണങ്ങുന്നവരാണ് കാലത്തെ അതിജീവിക്കുക”. നിലവിലെ പ്രക്ഷുബ്ധമായ ബിസിനസ്സ് അന്തരീക്ഷം സംരംഭങ്ങളുടെ ദൗര്‍ബ്ബല്യങ്ങളും ബലഹീനതകളും തുറന്നുകാട്ടുമ്പോൾ, മെലിഞ്ഞതും ചടുലവുമായ (lean and agile) സ്ഥാപനങ്ങൾ മാത്രമേ ഈ സാഹചര്യത്തെ അതിജീവിക്കാനും വളരാനുമുള്ള സാധ്യതയുള്ളൂ. പ്രശസ്തമായ പാരെറ്റോ തത്വത്തിന്റെ അല്ലെങ്കിൽ 80-20 നിയമത്തിന്റെ വെളിച്ചത്തിൽ ഒരു ബിസിനസ്സിന്റെ പ്രധാനപ്രവർത്തനങ്ങളും അവയുടെ ഫലങ്ങളും തിരിച്ചറിയുക (ഇത് ഉയർന്ന മൂല്യമുള്ള പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു), സ്പെഷ്യലിസ്റ്റുകളിൽ നിന്ന് ഒന്നിലധികം ജോലികൾ ചെയ്യാൻ പ്രാപ്തിയുള്ള ജനറലിസ്റ്റുകളിലേക്കുള്ള മാറ്റം തിരിച്ചറിയുക (ഇത് ചെറിയ ടീമുകളെ ഉപയോഗിച്ച് വിഭിന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു), നിരന്തരം മാറിക്കൊണ്ടിരിക്കുന്ന അസ്ഥിരവും അനിശ്ചിതത്വം നിറഞ്ഞതും സങ്കീർണവും അവ്യക്തവുമായ (VUCA World) ലോകത്തെ ഉൾകൊള്ളാനും അതിനനുസ്യൂതമായി പ്രവർത്തിക്കാനും വേണ്ട  ജീവനക്കാരുടെ ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ ഒരു സ്ഥാപനം ലീനും അജൈലുമായി വളരുന്നതിന്റെ അടിസ്ഥാനപ്രവർത്തനങ്ങളാണ്. നിങ്ങളുടെ ബിസിനസ്സിൽ അനാവശ്യമായ മനുഷ്യ മൂലധനം (human capital) ഉണ്ടോ? വരുമാന സ്ട്രീമുകൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ വിന്യസിക്കാൻ ആവശ്യമായ ശേഷി അവർക്ക് ഉണ്ടോ? അതിജീവനം അപകടത്തിലാകുമ്പോൾ, ലീനും അജൈലുമായ ഓർഗനൈസേഷൻസ് പടുത്തുയർത്തുന്നതിൽ മറ്റു കർശനമായ തീരുമാനങ്ങളും ഉൾപ്പെട്ടേക്കാം.

സമയബന്ധിതമായ തീരുമാനങ്ങളാണ് സ്ഥാപനങ്ങളെ വളർത്തുന്നത്. നിലവിലെ അന്തരീക്ഷത്തിൽ ബിസിനസ്സ് ഉടമകൾ അവരുടെ സംരംഭങ്ങളുടെ നിലനിൽപ്പും സുസ്ഥിരമായ വിജയവും ഉറപ്പാക്കുന്നതിനായി കൂടുതൽ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും പ്രകടമാക്കേണ്ടതുണ്ട്. ബോബ് ഡിലൻ പാടിയപോലെ, “മാറ്റത്തിന്റെ കാറ്റ് വ്യതിചലിക്കുമ്പോൾ, നിങ്ങൾക്ക് ശക്തമായ അടിത്തറയുണ്ടാകട്ടെ … നിങ്ങൾ എന്നും ചെറുപ്പമായിരിക്കട്ടെ.”

Dr. Alk
(Business Coach, Trainer, Change Agent & JCI National Trainer)

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team