വോൾട്ടി സേവനം കൂടുതൽസർക്കിളുകളിലേക്ക് വിപുലീകരിച്ച് BSNL
രാജ്യത്ത് 4ജി സേവനങ്ങൾ വിപുലീകരിക്കാനുള്ള തിരക്കിലാണ് ബിഎസ്‌എൻഎൽ. പല കാരണങ്ങൾകൊണ്ടും ബിഎസ്എൻഎൽ 4ജി സേവനങ്ങൾ രാജ്യത്തെ എല്ലാ സർക്കിളുകളിലും എത്തിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ ബിഎസ്എൻഎൽ വോൾട്ടി സേവനങ്ങൾ ആരംഭിച്ചു.
ഒഡീഷയിലാണ് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ വോയ്‌സ് ഓവർ ലോംഗ് ടേം എവല്യൂഷൻ സർവീസ്(VoLTE) സേവനങ്ങൾ ആരംഭിച്ചത്. വോൾട്ടി സേവനങ്ങൾ ആരംഭിച്ച കാര്യം ബിഎസ്എൻഎൽ തന്നെ എസ്എംഎസ് വഴി ഉപയോക്താക്കളെ അറിയിക്കുന്നുണ്ട്.
ബിഎസ്എൻഎൽ വോൾട്ടി ലഭിക്കാൻ ചെയ്യേണ്ടത്
ബിഎസ്എൻഎൽ വോൾട്ടി സേവനങ്ങൾ ആക്ടിവേറ്റ് ചെയ്യുന്നതിന് ഉപയോക്താക്കൾ ACTVOLTE എന്ന് ടൈപ്പുചെയ്ത് 53733 ലേക്ക് ഒരു മെസേജ് അയക്കുക. മെസേജ് അയച്ചാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ സേവനങ്ങൾ ആക്ടീവ് ആകും. എപിഎൻ സെറ്റിങ്സിൽ നിന്ന് ഈ സർവ്വീസ് ആക്ടിവേറ്റ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.
ഇതിനായി ആൻഡ്രോയിഡ് ഫോണുകളിലെ സെറ്റിങ്സിൽ മൊബൈൽ നെറ്റ്വർക്ക്സ് എടുത്ത് അതിൽ എപിഎൻ സെറ്റ് ചെയ്യുക. ഐഫോൺ ഉപയോഗിക്കുന്നവർ സെറ്റിങ്സിലെ സെല്ലുലാർ ഡാറ്റ ഓപ്ഷൻസ്, സെല്ലുലാർ നെറ്റ്‌വർക്ക്സ് എന്നിവയിൽ കയറി എപിഎൻ സെറ്റ് ചെയ്യേണ്ടതുണ്ട്.
വേഗത്തിലുള്ള കോൾ കണക്റ്റിവിറ്റിയോടൊപ്പം എച്ച്ഡി ക്വാളിറ്റിയുള്ള വീഡിയോ കോളിങും ബിഎസ്എൻഎൽ വോൾട്ടി സേവനത്തിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഉപയോക്താക്കൾക്ക് വോൾട്ടി സേവനങ്ങൾ ലഭിക്കുന്നില്ലെങ്കിൽ ഡിവൈസ് അപ്‌ഡേറ്റ് ചെയ്യണമെന്നും കമ്പനി അറിയിച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് കമ്പനി തങ്ങളുടെ വോൾട്ടി സേവനങ്ങൾ വികസിപ്പിക്കുന്നത്. നേരത്തെ കോയമ്പത്തൂർ, കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സർക്കിളുകൾ അടങ്ങു്ന സൗത്ത് സോണിൽ വോൾട്ടി ലഭ്യമാക്കിയിരുന്നു.
ബി.എസ്.എൻ.എൽ. 1,499 പ്ലാൻ
അടുത്തിടെ ബിഎസ്എൻഎൽ പുതിയൊരു വാർഷിക പ്ലാൻ അവതരിപ്പിച്ചിരുന്നു. 1,499 രൂപ വിലയുള്ള ഈ പ്ലാൻ സാധാരണ വാർഷിക പ്ലാനിന്റെ വാലിഡിറ്റിയായ 365 ദിവസത്തിന് പകരം 395 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 24 ജിബി ഡാറ്റ, ദിവസവും 250 മിനിറ്റ് കോളിങ്, 100 മെസേജുകൾ എന്നിവയാണ് ലഭിക്കുന്നത്. ഇത്തരത്തിലൊരു ദീർഘകാല പ്ലാൻ അവതരിപ്പിക്കുന്ന ആദ്യത്തെ ടെലിക്കോം ഓപ്പറേറ്ററല്ല ബിഎസ്എൻഎൽ.
എയർടെൽ, വോഡഫോൺ തുടങ്ങിയ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർ ബിഎസ്എൻഎല്ലിന്റെ 1499 രൂപ പ്ലാനിന് സമാനമായ പ്ലാനുകൾ നേരത്തെ നൽകുന്നുണ്ട്. എയർടെല്ലിന് 1,498 രൂപയുടെ പ്ലാനാണ് ഈ വില നിലവാരതതിൽ ഉള്ളത്. ഇത് 365 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. 24 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 3600 മെസേജുകൾ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. വോഡാഫോണിന്റെ സമാന പ്ലാനിന് 1,499 രൂപയാണ് വില. ഈ പ്ലാനിലൂടെയും 24 ജിബി ഡാറ്റ, 3600 മെസേജുകൾ, വോഡഫോൺ പ്ലേ, സീ 5 സബ്സ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.