ഇൻഷുറൻസ് പ്രീമിയത്തിന്റെ നികുതിഭാരം കുറഞ്ഞേക്കും! ജി.എസ്.ടി അഞ്ച് ശതമാനമാക്കാന്‍ ശുപാര്‍ശ.
കൊച്ചി: ലൈഫ്, ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയങ്ങളുടെ ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ (ഐ.ആര്.ഡി.എ.ഐ) ശുപാര്‍ശ ചെയ്തു. നികുതിഭാരം കുറയുന്നതോടെ ഇവ സാധാരണക്കാര്‍ക്ക് ഏറെ പ്രാപ്യമാകുമെന്ന് ഐ.ആര്.ഡി.എ.ഐ ചൂണ്ടിക്കാട്ടി.
ലൈഫ്, ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികളുടെ പ്രാധാന്യം കൂടുതല്‍ വ്യക്തമാക്കുന്നതാണ് കൊവിഡിന്റെ വ്യാപനം. ഈ സാഹചര്യത്തില്‍ ഇന്‍ഷ്വറന്‍സ് പോളിസി പരമാവധി ആളുകളിലേക്ക് എത്തിക്കണമെങ്കില്‍ നികുതിഭാരം അടിയന്തരമായി കുറയേണ്ടതുണ്ടെന്നും ധനമന്ത്രാലയത്തിന് നല്കിയ ശുപാര്‍ശയില്‍ ഐ.ആര്.ഡി.എ.ഐ ചൂണ്ടിക്കാട്ടി.അതേസമയം, നികുതിയില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ജി.എസ്.ടി കൗണ്‍സിലാണ്. ഈമാസം 19ന് കൗണ്‍സില്‍ യോഗമുണ്ട്. അതിനുമുമ്പ്, കൗണ്‍സിലിന് കീഴിലുള്ള ഫിറ്റ്മെന്റ് കമ്മിറ്റി ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന പ്രതിനിധികളാണ് കമ്മിറ്റിയിലുള്ളത്. കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ജി.എസ്.ടി കൗണ്‍സില്‍ അന്തിമതീരുമാനമെടുക്കുക.