ആബെയ്‍ക്ക് പിന്‍ഗാമിയായി യോഷിഹിഡെ സുഗ പുതിയ ജപ്പാന്‍ പ്രധാനമന്ത്രി  

ടോക്കിയോ: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് യോഷിഹിഡെ സുഗ പുതിയ ജപ്പാന്‍ പ്രധാനമന്ത്രിയാകും
അനാരോഗ്യത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവച്ചതിനെ തുടര്‍ന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.

ഷിന്‍സോ ആബെയുടെ വിശ്വസ്‍തനായ നേതാവാണ് സുഗ. ഉന്നത ക്യാബിനറ്റ് സെക്രട്ടറിയായി നിലവില്‍ സേവനത്തില്‍. ആബെയുടെ നയങ്ങള്‍ പിന്തുടര്‍ന്നേക്കും

ആബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി സുഗയെ തെരഞ്ഞെടുത്തതോടെയാണ് ആദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത്. ആബെ ക്യാബിനറ്റിലെ പ്രതിരോധ മന്ത്രിയെയും വിദേശകാര്യമന്ത്രിയെയും അദ്ദേഹം മറികടന്നു.

എല്‍ഡിപിയിലെ രണ്ട് കക്ഷികളിലും ഒരേപോലെ സമ്മതനായ നേതാവാണ് സുഗ. ഇത് കാര്യങ്ങള്‍ എളുപ്പമാക്കി.
ഓഗസ്റ്റ് 28നാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. ദീര്‍ഘകാലമായി ആരോഗ്യപ്രശ്‍നങ്ങള്‍ അലട്ടിയിരുന്ന ആബെയുടെ ആശുപത്രി സന്ദര്‍ശനങ്ങള്‍ ജാപ്പനീസ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

എട്ട് വര്‍ഷമായി ആബെയ്‍ക്ക് ഒപ്പമുള്ള 71 വയസ്സുകാരനായ സുഗ, അദ്ദേഹത്തിന്‍റെ വലംകൈയ്യായാണ് അറിയപ്പെടുന്നത്. ആബെയുടെ സാമ്പത്തിക നയങ്ങള്‍ തന്നെയാകും സുഗ പിന്തുടരുകയെന്നാണ് ജാപ്പനീസ് ബിസിനസ് ദിനപത്രം നിക്കീ ഏഷ്യന്‍ റിവ്യൂ നിരീക്ഷിക്കുന്നത്.

ഡിജിറ്റലൈസേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍ രംഗങ്ങളിലാകും താന്‍ ആദ്യം ശ്രദ്ധകൊടുക്കുകയെന്ന് സുഗ പ്രഖ്യാപിച്ചുകഴിഞ്ഞു. പാര്‍ട്ടി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ഇനി നിയമനിര്‍മ്മാണ സഭയുടെ പിന്തുണയാണ് പ്രധാനമന്ത്രിയാകാന്‍ വേണ്ടത്. ബുധനാഴ്‍ച്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്‍റിന്‍റെ രണ്ടുസഭകളിലും സുഗയുടെ തെരഞ്ഞെടുപ്പ് നടക്കും. ആബെയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളത് കൊണ്ട് ഇത് വലിയ തടസ്സമാകില്ല.

2021 സെപ്റ്റംബറിലാണ് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് നേരത്തെയാക്കാന്‍ സുഗ ശ്രമിച്ചേക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യമാണ് തെരഞ്ഞെടുപ്പില്‍ സുഗ നേരിടേണ്ടിവരിക.

ഷിന്‍സോ ആബെയുടെ ദീര്‍ഘവീക്ഷണം അന്താരാഷട്ര നയതന്ത്രത്തില്‍ സുഗയ്‍ക്ക് ഇല്ല എന്നതാണ് നിലവില്‍ അദ്ദേഹം നേരിടുന്ന ഏക വിമര്‍ശനം. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്, ചൈനയുമായുള്ള പ്രശ്‍നങ്ങള്‍ എന്നിവ എങ്ങനെ സുഗ നേരിടുമെന്നതാണ് രാഷ്ട്രീയനിരീക്ഷകര്‍ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team