തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം ഒരുങ്ങി. നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 19 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.
മെഡിക്കല്‍ കോളേജിന്റെ വലിയൊരു സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അത്യാഹിതങ്ങളിലും മറ്റ് അപകടങ്ങളിലും പെട്ടുവരുന്നവര്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവുവരെ ഇതിലൂടെ പരിഹാരമാകുന്നതാണ്. എയിംസ് മാതൃകയില്‍ അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ ട്രോമ കെയര്‍ സംവിധാനവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഉള്‍പ്പെടയാണ് അത്യാഹിത വിഭാഗം പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്.
717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ഇതിന് പുറേമേയാണ് 33 കോടി രൂപ ചെലവഴിച്ച് ട്രോമകെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ 5 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്ററും സജ്ജമാക്കുന്നതായി മന്ത്രി പറഞ്ഞു.