കോട്ടയം മെഡി: കോളേജിൽ 42.69 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം 22  

  • ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു
  • 137.45 കോടി രൂപയുടെ നിര്‍മ്മാണോദ്ഘാടനം

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോന്റേയും നിര്‍മ്മാണോദ്ഘാടനവും സെപ്റ്റംബര്‍ 22-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 42.69 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടിയുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സുരേഷ് കുറുപ്പ് എം.എല്‍എ., തോമസ് ചാഴിക്കാടന്‍ എം.പി. എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
കോട്ടയം മെഡിക്കല്‍ കോളേജ് 50 വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന സന്ദര്‍ഭത്തില്‍ നിരവധി വികസന പദ്ധതികളാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം ജില്ലക്ക് പുറമെ ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളും ആലപ്പുഴ, എറണാകുളം, എന്നീ ജില്ലകളിലേയും ജനങ്ങള്‍ ഭാഗികമായും വിദഗ്ധ ചികിത്സയ്ക്ക് ആശ്രയിക്കുന്നത് കോട്ടയം മെഡിക്കല്‍ കോളേജിനേയാണ്. 1800 കിടക്കകളും 180 ഐ.സി.യു. കിടക്കകളും 28 ഓപ്പറേഷന്‍ തീയേറ്ററുകളും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്.

36 വിഭാഗങ്ങളിലായി 250 ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടേയും സേവനവും ലഭ്യമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ നിര്‍ദ്ദേശിക്കുകയും അതിന്റെ ഭാഗമായി 564 കോടി രൂപ മുതല്‍ മുടക്കുള്ള സര്‍ജിക്കല്‍ ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്നിവക്ക് ഭരണാനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team