കാർഷിക മേഖലയ്ക്ക് കരുത്തേകാൻ പാലക്കാട് മെഗാ ഫുഡ് പാർക്ക് യാഥാർഥ്യമാകുന്നു  

രണ്ടര ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്ന മെഗാ ഫുഡ് പാർക്ക് പാലക്കാട് പ്രവർത്തനമാരംഭിക്കുന്നു. 2017 ജൂണ്‍ 11ന് തുടക്കമിട്ട നിർമ്മാണം റിക്കാര്‍ഡ് വേഗതയില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു.102.13 കോടി രൂപാ ചെലവില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ഫുഡ്പാര്‍ക്ക് 79.42 ഏക്കറിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഏകദേശം 4,500 പേര്‍ക്ക് നേരിട്ടും 10,000ത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്ന ബൃഹദ് പദ്ധതി കൂടിയാണിത്.

ഇതിന്റെ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ 50 കോടി രൂപയാണ് ഗ്രാന്റായി വാഗ്ദാനം ചെയ്തത്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നബാര്‍ഡില്‍ നിന്നുള്ള വായ്പയുമാണ്. ഇതുവരെ 40 കോടിരൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നു‍ ലഭിച്ചിട്ടുള്ളത്. ബാക്കിതുക എത്രയുംവേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അടിസ്ഥാനസൗകര്യങ്ങളായ ജലം, വൈദ്യുതി, എന്നിവയടക്കം ഭക്ഷ്യസംസ്കരണ വ്യവസായ സംരംഭകര്‍ക്ക് പാട്ടവ്യവസ്ഥയില്‍ ഭൂമി കൈമാറാന്‍ പര്യാപ്തമായ രീതിയിലാണ് കിന്‍ഫ്ര ഭക്ഷ്യസംസ്കരണ പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. വിപുലമായ ശീതീകരണ സംവിധാനങ്ങളും സാങ്കേതിക സൗകര്യങ്ങളും ഇവിടെയുണ്ട്.


25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്ന് സംഭരണപ്പുരകള്‍, 5,000 മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ശീതീകരിക്കാനുള്ള സൗകര്യം, മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ശീതീകരണ സംവിധാനം, പഴങ്ങള്‍, പച്ചക്കറി എന്നിവ വൃത്തിയാക്കി തരം തിരിച്ചു പായ്ക്ക് ചെയ്യാനുള്ള സംവിധാനം, പഴങ്ങള്‍ ശാസ്ത്രീയമായി പഴുപ്പിക്കാനുള്ള സൗകര്യം, സുഗന്ധവ്യഞ്ജനങ്ങള്‍ സംസ്കരിക്കാനുള്ള സൗകര്യം തുടങ്ങി ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് സഹായകമാകുന്ന എല്ലാവിധ സൗകര്യങ്ങളും ഇനിമുതല്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും. മെഗാ ഫുഡ്പാര്‍ക്കിന്റെ അനുബന്ധഘടകമെന്ന നിലയില്‍ നാല് പ്രാഥമിക ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
50 ഓളം യൂണിറ്റുകളെയാണ് ഈ ഫുഡ്പാര്‍ക്കില്‍ പ്രതീക്ഷിക്കുന്നത്. ഇതിനകം 30 യൂണിറ്റുകള്‍ക്ക് ഇവിടെ ഭൂമി അനുവദിച്ചുകഴിഞ്ഞു. രണ്ട് യൂണിറ്റുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചു. 11 യൂണിറ്റുകള്‍ നിര്‍മാണഘട്ടത്തിലാണ്. സംരംഭകര്‍ക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിനാണ് ഭൂമി നല്‍കുക. 90 വര്‍ഷം വരെ ഇവ പുതുക്കാം.
ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team