ജൻ റോബോട്ടിക്സിന്റെ മാൻ ഹോൾ വൃത്തിയാക്കുന്ന റോബോട്ടിൽ നിക്ഷേപമിറക്കി ആനന്ദ് മഹിന്ദ്ര!
ലോകത്ത് ആദ്യമായി മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന റോബോട്ടുകളെ നിര്‍മിച്ച് ശ്രദ്ധ നേടിയ ജെന്‍ റോബോട്ടിക്സ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപമിറക്കി മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്സില്‍ വ്യക്തിപരമായി 2.5 കോടിയുടെ നിക്ഷേപമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
ബാന്‍ഡിക്കൂട്ട് എന്ന റോബോട്ടുകളെ ഉപയോഗിച്ച് മാന്‍ഹോളുകളും അഴുക്കുചാലുകളും സുരക്ഷിതമായി വൃത്തിയാക്കുന സംവിധാനമായതിനാല്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്പ്പെടുമ്ബാള് സംഭവിക്കാറുള്ള ആളപായവും തടയാന്‍ സാധിക്കും. ജെന്‍ റോബോട്ടിക്സിന്റെ റോബോട്ടിനെ നിലവില്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കമ്ബനിയിലേക്ക് വന്ന പുതിയ നിക്ഷേപം പുതിയ പദ്ധതികളുടെ വ്യാപനത്തിന് സഹായിക്കുമെന്ന് തന്നെയാണ് ജെന്‍ റോബോട്ടിക്സ് പ്രതീക്ഷിക്കുന്നത്.
ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റായിരുന്നു ജെന്‍ റോബോട്ടിക്സിന് വഴിത്തിരിവായത്. മനുഷ്യ അധ്വാനം ഒഴിവാക്കി മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നത് സംബന്ധിച്ച ആശയങ്ങള്‍ ഉണ്ടെങ്കില്‍, താന്‍ അതില്‍ പണം മുടക്കാന്‍ തയ്യാറാണെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. ഒരു ശുചീകരണ തൊഴിലാളി മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജെന്‍ റോബോട്ടിക്സ് സി.ഇ.ഒ എം.കെ. വിമല്‍ ഗോവിന്ദ് മഹീന്ദ്രയുമായി ബന്ധപ്പെട്ട് ആശയം അവതരിപ്പിക്കുകയായിരുന്നു.
‘ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് കണ്ടതോടെ ഞങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടു. ട്വീറ്റില്‍ പറഞ്ഞതുപോലെ തന്നെ നിര്‍മാണം വര്‍ധിപ്പിക്കാനും മാര്‍ക്കറ്റിങ്ങിനും വേണ്ടി അദ്ദേഹം നിക്ഷേപം വാഗ്ദാനം ചെയ്തു. മികച്ച സംരംഭകരില്‍ ഒരാളാണ് ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്റ അനുഭവവും നെറ്റ്വര്ക്കും ഞങ്ങളെ ബിസിനസ് വര്‍ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. അദ്ദേഹത്തിന്റെ പേര് പോലും ഞങ്ങളുടെ കമ്ബനിക്കൊരു അംഗീകാരമാണ്. -ജെന്‍ റോബോട്ടിക്സ് സഹസ്ഥാപകനായ റാഷിദ് കെ. പറഞ്ഞു.
കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ സഹപാഠികളായിരുന്ന എം.കെ. വിമല്‍ ഗോവിന്ദ്, കെ. റാഷിദ്, എന്‍.പി. നിഖില്‍, അരുണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ബി.ടെക്. പഠനകാലത്തുതന്നെ തുടങ്ങിയ സംരംഭമാണ് ഇപ്പോള്‍ ജെന്‍ റോബോട്ടിക്സായി മാറിയത്.