ഓഡി ക്യൂ8 സെലിബ്രേഷൻ എഡിഷൻ എത്തുന്നു 34 ലക്ഷം കുറവ്!  

ഈ വർഷത്തിന്റെ തുടക്കത്തിലാണ് ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി ക്യൂ8 കൂപെ എസ്‌യുവി ലോഞ്ച് ചെയ്തത്.

എസ്‌യുവികളിലെ ഫ്രീക്കന്മാരാണ് കൂപെ എസ്‌യുവികൾ. ബോക്സി ഡിസൈനിൽ നിന്നും മാറി പുറകിലേക്ക് ഒഴുകിയിറങ്ങുന്ന കൂപെ എസ്‌യുവികൾ എല്ലാവർക്കും പിടിച്ചു എന്നുവരില്ല. എന്നും ആരാധകർ ഇല്ല എന്നർത്ഥവുമില്ല. ഇത്തരക്കാർക്കായി ഈ വർഷത്തിന്റെ തുടക്കത്തിലാണ് ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി ക്യൂ8-നെ ലോഞ്ച് ചെയ്തത്. ഉത്സവ സീസണിൽ ക്യൂ8-ന്റെ സെലിബ്രേഷൻ എഡിഷനും ഓഡി വില്പനക്കെത്തിച്ചു.

1.33 കോടി രൂപയാണ് ക്യൂ8-ന്റെ വിലയെങ്കിൽ ക്യൂ8 സെലിബ്രേഷൻ എഡിഷന് 98.98 ലക്ഷം രൂപയാണ് വില. അതായത് 34 ലക്ഷം രൂപ കുറവ്. ഇത്രയും വില കുറയ്ക്കാൻ സ്റ്റാൻഡേർഡ് ക്യൂ8 മോഡലിലെ ചില ഫീച്ചറുകൾ സെലിബ്രേഷൻ എഡിഷനിൽ ഒഴിവാക്കിയിട്ടുണ്ട്. അഡാപ്റ്റീവ് സസ്പെൻഷന് പകരം ഡാംപർ കോൺട്രോളുള്ള സ്റ്റാൻഡേർഡ് സസ്പെൻഷൻ, ബാംഗ് & ഒലുഫ്‌സെൻ ഓഡിയോ യൂണിറ്റിന് പകരം സ്റ്റാൻഡേർഡ് ഓഡി സൗണ്ട് സിസ്റ്റം, ഓഡി ഫോൺ ബോക്‌സിന് പകരം ഓഡി ഫോൺ ബോക്‌സ് ലൈറ്റ് വയർലെസ് ചാർജിംഗ് സംവിധാനം എന്നിവയാണ് പ്രധാന മാറ്റങ്ങൾ.


സെലിബ്രേഷൻ പതിപ്പിലെ ഓപ്പറേറ്റിംഗ് ബട്ടണുകൾ അലുമിനിയത്തിനുപകരം മാറ്റ് ബ്ലാക്ക് നിറത്തിലാണ് ബട്ടണുകളുടെ ഫിനിഷ്. ടെക്‌നോളജി വേരിയന്റിൽ ലഭ്യമായ 20 ഇഞ്ച് ചക്രങ്ങൾക്ക് പകരം 19 ഇഞ്ച് അലോയ് വീലുകളിലാണ് പുതിയ സെലിബ്രേഷൻ എഡിഷന്.

ക്യൂ8-ന്റെ എല്ലാ കിടിലം ഫീച്ചറുകളും ഒഴിവാക്കിയ മോഡൽ ആണ് സെലിബ്രേഷൻ എഡിഷൻ എന്നർത്ഥമില്ല. എച്ച്ഡി മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ ടച്ച്‌സ്‌ക്രീനുകൾ, എംഎംഐ നാവിഗേഷൻ, ഓഡി വെർച്വൽ കോക്ക്പിറ്റ്, ഓഡി സ്മാർട്ട്‌ഫോൺ ഇന്റർഫേസ്, പനോരമിക് സൺറൂഫ്, ഓഡി പ്രീ-സെൻസ്, എട്ട് എയർബാഗുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഓഡി പാർക്ക് അസിസ്റ്റ് എന്നിവ ക്യൂ8 സെലിബ്രേഷൻ എഡിഷനിലുമുണ്ട്.

335 ബിഎച്പി പവറും 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ, ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് ക്യൂ8 സെലിബ്രേഷൻ എഡിഷൻ്റേയും ഹൃദയം. 8-സ്പീഡ് ടിപ്പ്ട്രോണിക് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുമായാണ് ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ 5.9 സെക്കൻഡ് മാത്രം മതിയായ ക്യൂ8-ന്റെ ടോപ് സ്പീഡ് മണിക്കൂറിൽ 250 കിലോ മീറ്ററാണ്. 7 ഡ്രൈവിംഗ് മോഡുകൾ, 48V മൈൽഡ് ഹൈബ്രിഡ് ടെക്നോളജി, ക്വാട്ട്രോ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം എന്നിവയും ക്യൂ8-ലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team