മികച്ച നടൻ സുരാജും മികച്ച നടി കനിയും! സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു  


തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസില്‍ (കുമ്ബളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അര്‍ഹനായി.

ഇത്തവണ 119 ചിത്രങ്ങളാണ് അവാര്‍ഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. 2019ല്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്കാണ് പുരസ്കാരം. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് പുരസ്‌കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാല്‍ (മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ലൂസിഫര്‍), മമ്മൂട്ടി (ഉണ്ട, മാമാങ്കം) ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം മത്സരരംഗത്ത് പരിഗണിക്കപ്പെട്ടിരുന്നു. നിവിന്‍ പോളി (മൂത്തോന്‍), സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ്, വികൃതി), ആസിഫ് അലി (കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ന്‍ നിഗം (കുമ്ബളങ്ങി നൈറ്റ്‌സ്, ഇഷ്ഖ്) എന്നിവര്‍ തമ്മില്‍ കടുത്ത മത്സരം തുടക്കം മുതലേ പ്രതീക്ഷിച്ചിരുന്നു.

മികച്ച നടിക്കുള്ള മത്സരരംഗവും ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. പാര്‍വതി (ഉയരെ), രജിഷ വിജയന്‍ (ജൂണ്‍, ഫൈനല്‍സ്), അന്ന ബെന്‍ (ഹെലന്‍, കുമ്ബളങ്ങി നൈറ്റ്‌സ്), മഞ്ജു വാര്യര്‍ (പ്രതി പൂവങ്കോഴി) എന്നിവരുടെ പേരുകള്‍ അവസാന നിമിഷം വരെയും ഉയര്‍ന്ന് കേട്ടു.

മുതിര്‍ന്ന സംവിധായകനും ഛായാഗ്രാഹകനുമായ മധു അമ്ബാട്ട് ചെയര്‍മാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ചലച്ചിത്ര സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, നടി ജോമോള്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ്. രാധാകൃഷ്ണന്‍, ഗായിക ലതിക, ഗ്രന്ഥകര്‍ത്താവ് ബെന്യാമിന്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി മെമ്ബര്‍ സെക്രട്ടറി സി. അജോയ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team