ഹോണ്ട അമേയ്സ് സ്പെഷ്യൽ എഡിഷൻ വിപണിയിൽ ഇനി ഉത്സവകാലം കളറാക്കാം  

ഒക്ടോബർ, നവംബർ മാസങ്ങളിൽ കുതിച്ചുയരുന്ന ഉത്സവകാല വമ്പിച്ച വാഹന വില്പന ലാക്കാക്കി ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ കോംപാക്ട് സെഡാൻ മോഡൽ ആയ അമെയ്സിന്റെ സ്പെഷ്യൽ എഡിഷൻ വില്പനക്കെത്തിച്ചു. അമേസിന്റെ ഏറ്റവും വില്പനയുള്ള S വേരിയന്റ് അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്പെഷ്യൽ എഡിഷൻ മോഡൽ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ ലഭ്യമാണ്.


എക്‌സ്റ്റീരിയറിൽ ഷോൾഡർ ലൈനിനോട് ചേർന്ന തയ്യാറാക്കിയ പുത്തൻ ഗ്രാഫിക്സ് ആണ് അമെയ്‌സ് സ്പെഷ്യൽ എഡിഷന്റെ ആകർഷണം. ഒപ്പം ടെയിൽ ഗെയ്റ്റിൽ സ്പെഷ്യൽ എഡിഷൻ ലോഗോയും പതിപ്പിച്ചിട്ടുണ്ട്. അതെ സമയം ഇന്റീരിയറിൽ 7-ഇഞ്ച് ടച്ച്സ്ക്രീൻ ഡിജിപാഡ്‌ 2.0 ഇൻഫോടൈന്മെന്റ് സിസ്റ്റം ആണ് ആകർഷണം. ഒപ്പം കസവിന്റെ ലുക്ക് നൽകുന്ന സീറ്റ് കവരും, സ്ലൈഡ് ചെയ്യാവുന്ന ആംറെസ്റ്റും അമെയ്‌സ് സ്പെഷ്യൽ എഡിഷനിൽ ഇടം പിടിച്ചിട്ടുണ്ട്.

റെഗുലർ ഹോണ്ട അമെയ്‌സ് S വേരിയന്റുകൾക്കും 12,000 രൂപ കൂടുതലാണ് അമെയ്‌സ് സ്പെഷ്യൽ എഡിഷന്. സ്പെഷ്യൽ എഡിഷൻ മോഡലിന്റെ എക്‌സ്-ഷോറൂം വില ചുവടെ.
പെട്രോൾ മാന്വൽ – Rs 7.00 ലക്ഷം
പെട്രോൾ സിവിടി – Rs 7.90 ലക്ഷം
ഡീസൽ മാന്വൽ – Rs 8.30 ലക്ഷം
ഡീസൽ സിവിടി – Rs 9.10 ലക്ഷം
ഹോണ്ട അമെയ്‌സ്
ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച ഹോണ്ട അമെയ്‌സ് ഈ വർഷത്തിന്റെ തുടക്കത്തിലാണ് വില്പനക്കെത്തിയത്. Rs 6.17 ലക്ഷം മുതൽ Rs 9.99 ലക്ഷം വരെയാണ് 16 വേരിയന്റുകളിൽ (പെട്രോൾ + ഡീസൽ) ലഭ്യമായ അമെയ്സിന്റെ എക്‌സ്-ഷോറൂം വില. 90 എച്ച്പി പവറും 110 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന അമെയ്സിലെ 1.2-ലിറ്റർ പെട്രോൾ എൻജിൻ 5-സ്പീഡ് മാന്വൽ, സിവിടി എന്നിങ്ങനെ രണ്ടു ഗിയർബോക്‌സ് ഓപ്ഷനുകളോടൊപ്പം ലഭ്യമാണ്. 100 എച്ച്പി പവറും 200 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.5 ലിറ്റർ എൻജിനാണ് ഡീസൽ അമെയ്സിൽ. 5-സ്പീഡ് മാന്വൽ, സിവിടി എന്നിങ്ങനെ രണ്ടു ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഡീസൽ എൻജിനും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team