നീറ്റ് ഫലം പ്രസിദ്ധീകരിച്ചു കൊയിലാണ്ടി സ്വദേശിനി അയിഷയ്ക്ക് പന്ത്രണ്ടാം റാങ്ക്  

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി സെപ്റ്റംബർ 13-നും ഒക്ടോബർ 14-നുമായി നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. ഒഡിഷയിൽ നിന്നുള്ള ഷൊയ്ബ് അഫ്താബ് 720-ൽ 720 മാർക്കും നേടി അഖിലേന്ത്യാതലത്തിൽ ഒന്നാമനായി. 710 മാർക്ക് നേടി അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ.പി. അബ്ദുൾ റസാക്കിന്റെയും ഷെമീമയുടെയും മകൾ എസ്. അയിഷയാണ് കേരളത്തിൽ ഒന്നാമതെത്തിയത്.

അഖിലേന്ത്യാ തലത്തിൽ ആദ്യ 50 റാങ്കിൽ അയിഷയ്ക്ക് പുറമേ കേരളത്തിൽനിന്ന് മൂന്നുപേർകൂടിയുണ്ട്. ലുലു എ. റാങ്ക് (22), സനിഷ് അഹമ്മദ് (25), ഫിലെമോൻ കുര്യാക്കോസ് (50) എന്നിവർ.

വളരെയേറെ പ്രതിസന്ധികൾക്കിടയിലാണ് ഇക്കൊല്ലത്തെ പരീക്ഷ നടത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു. ആദ്യമായാണ് എയിംസ് ഉൾപ്പെടെ എല്ലാ മെഡിക്കൽ കോളേജുകളിലേക്കുമുള്ള പ്രവേശനത്തിന് ഒറ്റപ്പരീക്ഷ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ വിജയകരമായി നടത്തിയതിലും കേന്ദ്രവുമായി സഹകരിച്ചതിലും എല്ലാ മുഖ്യമന്ത്രിമാർക്കും അദ്ദേഹം നന്ദി പറഞ്ഞു.

സെപ്‌റ്റംബർ 13-ന് 13,67,032 പേരും ഒക്ടോബർ 14-ന് 290 പേരുമാണ് പരീക്ഷ എഴുതിയത്. ntaresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭിക്കും.

ഒ.ബി.സി. വിഭാഗത്തിൽ രണ്ടാംറാങ്കും അയിഷയ്ക്ക്

കൊയിലാണ്ടി: അഖിലേന്ത്യാ തലത്തിൽ ഒ.ബി.സി. വിഭാഗത്തിൽ രണ്ടാം റാങ്കും അയിഷയ്ക്കാണ്. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾതന്നെ നീറ്റ് പരീക്ഷയ്ക്കായി അയിഷ പരിശീലനത്തിന് പോയിരുന്നു. കോഴിക്കോട് റെയിസ് മെഡിക്കൽ എൻജിനിയറിങ് എൻട്രൻസ് കോച്ചിങ് സെന്ററിലായിരുന്നു പരിശീലനം. ആദ്യതവണ പരീക്ഷ എഴുതിയപ്പോൾ 15,000-ത്തിന് മുകളിലായിരുന്നു റാങ്ക്. തുടർന്ന് വാശിയോടെ പഠിച്ചു. അങ്ങനെ 12 റാങ്ക് തന്നെ കരസ്ഥമാക്കി.

ഡൽഹി എയിംസിൽ ചേർന്ന് പഠിക്കാനാണ്‌ അയിഷയ്ക്ക് ആഗ്രഹം. പരീക്ഷ എഴുതിയപ്പോൾത്തന്നെ ആദ്യ റാങ്കിൽ ഇടംപിടിക്കുമെന്ന ആത്മവിശ്വാസം അയിഷയ്ക്ക് ഉണ്ടായിരുന്നു. അശ്ഫാഖ്, ആലിയ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team