1ലക്ഷം രൂപ വരെ ഡിസ്കൗണ്ടുമായി റെനോ ക്വിഡ്, ട്രൈബർ, ഡസ്റ്റർ മോഡലുകൾ
ഉത്സവ കാലം ആരംഭിച്ചതോടെ വാഹന നിർമ്മാതാക്കൾ എല്ലാവരും ഉഷാറാണ്. പുത്തൻ വാഹനങ്ങൾ കൂടാതെ സ്പെഷ്യൽ, ലിമിറ്റഡ് എഡിഷൻ മോഡലുകളും വിപണിയിലിറക്കി ലോക്ക് ഡൗൺ നൽകിയ ക്ഷീണം എത്രയും വേഗം മറികടക്കാനാണ് വാഹന നിർമാതാക്കൾ ശ്രമിക്കുന്നത്. വമ്പൻ ഓഫറുകളും ക്യാഷ് ഡിസ്കൗണ്ടുകളും ഈ നീക്കത്തിന്റെ ഭാഗമായി വിവിധ വാഹന നിർമ്മാതാക്കൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലേക്കുള്ള പുത്തൻ താരമാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ.
റെനോയുടെ ക്വിഡ് ഹാച്ച്ബാക്ക്, ട്രൈബർ ബജറ്റ് എംപിവി, ഡസ്റ്റർ എസ്യുവി എന്നീ മോഡലുകൾക്ക് 1 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം മുഴുവൻ വമ്പിച്ച ഡിസ്കൗണ്ടിൽ റെനോ വാഹനങ്ങൾ സ്വന്തമാക്കാം എന്ന് കമ്പനി വ്യക്തമാക്കുന്നു. ഓരോ മോഡലുകളുടെയും വിശദമായ ഓഫറുകൾ ചുവടെ ചേർക്കുന്നു.
റെനോ ക്വിഡ് – 49,000 രൂപ വരെ ഡിസ്കൗണ്ട്
മാരുതി സുസുക്കി എസ്-പ്രസ്സോ, ഡാറ്റ്സൺ റെഡിഗോ, മാരുതി സുസുക്കി ആൾട്ടോ എന്നീ മോഡലുകളോട് മത്സരിക്കുന്ന റെനോയുടെ അത്ഭുതക്കുട്ടി ക്വിഡിന് 49,000 രൂപ വരെ ഡിസ്കൗണ്ട് ആണ് ഒക്ടോബറിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 15,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടായും 15,000 രൂപ എക്സ്ചേഞ്ച് ബോണസായും 9,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടായും ലഭിക്കും. ഇതുകൂടാതെ 0.8 ലിറ്റർ സ്റ്റാൻഡേർഡ്, ആർഎക്സ്ഇ ട്രിം ലെവലുകൾക്ക് ലോയൽറ്റി ബോണസായി 10,000 രൂപ കിഴിവും തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ലഭിക്കും.
0.8 ലിറ്റർ, 1.0 ലിറ്റർ പെട്രോൾ എന്നിവയാണ് ക്വിഡിന്റെ എൻജിൻ ഓപ്ഷനുകൾ. 52 ബിഎച്പി പവറും 72എൻഎം ടോർക്കും 800 സിസി എൻജിനുല്പാദിപ്പിക്കുമ്പോൾ 67 ബിഎച്ച്പി പവറും 91എൻഎം ടോർക്കുമാണ് 999സിസി എൻജിൻ സൃഷ്ടിക്കുന്നത്. 0.8 ലിറ്റർ 5 സ്പീഡ് മാനുവൽ ഗിയർബോക്സിൽ ലഭിക്കുമ്പോൾ 1.0 ലിറ്റർ പെട്രോൾ എൻജിൻ 5 സ്പീഡ് മാന്വൽ ഗിയർബോക്സിലും എഎംടി ഗിയർബോക്സിലും ലഭ്യമാണ്.
റെനോ ട്രൈബർ 39000 രൂപ ഡിസ്കൗണ്ട്
കഴിഞ്ഞ വർഷമാണ് റെനോയുടെ ബജറ്റ് എംപിവി ട്രൈബർ ഇന്ത്യൻ വിപണിയിലെത്തിയത്. ഡാറ്റ്സൺ ഗോ പ്ലസ്സിനോട് മത്സരിക്കുന്ന റെനോ ട്രൈബറിന് 39,000 രൂപ വരെ ഡിസ്കൗണ്ട് ആണ് ഈ മാസത്തേക്ക് പ്രഖ്യാപിച്ചരിക്കുന്നത്. എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും ലോയൽറ്റി ആനുകൂല്യങ്ങളും ഡീലർമാരിൽ നിന്ന് 9,000 രൂപയും കോർപ്പറേറ്റ് കിഴിവായി ലഭിക്കും. Rs 4.99 ലക്ഷം മുതൽ Rs 7.22 ലക്ഷം വരെയാണ് റെനോ ട്രൈബറിന്റെ എക്സ്-ഷോറൂം വില. ഈ വർഷം മെയിൽ ഓട്ടോമാറ്റിക് ഗിയർബോക്സിലും ട്രൈബർ വില്പനക്കെത്തി. ബിആർ-10 1 ലീറ്റർ 3 സിലിൻഡർ പെട്രോൾ എൻജിനാണ് ട്രൈബറിന്. 72 എച്ച്പി കരുത്തും 96 ന്യൂട്ടൺ മീറ്റർ ടോർക്കും ആണ് ഈ എൻജിൻ നിർമ്മിക്കുന്നത്. മാന്വൽ, എഎംടി വേരിയന്റുകളിൽ ഔട്പുട്ടിന് വ്യത്യാസമില്ല.
റെനോ ഡസ്റ്റർ 1 ലക്ഷം വരെ ഡിസ്കൗണ്ട്
കഴിഞ്ഞ വർഷം ആണ് അടിമുടി പരിഷ്കരിച്ച ഡസ്റ്ററിനെ റെനോ വില്പനക്കെത്തിച്ചത്. ഏപ്രിലിൽ ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഡസ്റ്ററിന്റെ 106 എച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ റെനോ പരിഷ്കരിച്ചു. ഇത് കൂടാതെ 153 ബിഎച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്നതാണ് നാല് സിലിണ്ടർ 1.3-ലിറ്റർ ടർബോ പെട്രോൾ എൻജിനിലും ഡസ്റ്റർ വില്പനക്കെത്തി. ഈ രണ്ട് മോഡലുകൾക്കും ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
1.5 ലിറ്റർ പെട്രോൾ ഡസ്റ്റർ 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടായും 25,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യമായും 20,000 രൂപ ലോയൽറ്റി ബോണസായും 30,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടായും റെനോ ഡീലർമാർ ഓഫർ നൽകുന്നു. ആർഎക്സ്ഇ ട്രിംബെൽ പതിപ്പിന് പ്രത്യേകമായി 50,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ ലോയൽറ്റി ബെനിഫിറ്റുമുണ്ട്. ഡസ്റ്ററിന്റെ ടർബോ-പെട്രോൾ പതിപ്പുകൾക്ക് ലോയൽറ്റി ബോണസായി 20,000 രൂപ വരെയും കോർപ്പറേറ്റ് കിഴിവായി 30,000 രൂപ കിഴിവുമാണ് ലഭിക്കുക. നിലവിലുള്ള ഡസ്റ്റർ ഉടമകൾക്ക് ഡീലർമാർ റെനോയുടെ ‘ഈസി കെയർ’ (3 വർഷം / 50,000 കിലോമീറ്റർ) പാക്കേജും ഡീലർമാർ വാഗ്ദാനം ചെയ്യുന്നുണ്ട്.