സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് ബാങ്ക് സന്ദർശനസമയത്തിൽ ക്രമീകരണം
വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണം ബാധകമല്ല
കോവിഡ് പശ്ചാത്തലത്തിൽ ബാങ്കുകളിൽ തിരക്ക് നിയന്ത്രിക്കാൻ സർക്കാർ നിർദേശമനുസരിച്ച് സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്കായി ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ അറിയിച്ചു.
ഒന്നു മുതൽ അഞ്ചുവരെ അക്കങ്ങളിൽ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ടുകൾക്ക് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയാണ് സമയം.
ആറു മുതൽ ഒൻപതുവരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകൾക്ക് ഉച്ചക്ക് ഒന്നുമുതൽ വൈകിട്ട് നാലുവരെയാണ് സമയം. (സാധാരണ ഭക്ഷണ ഇടവേള ബാധകം).
രാവിലെ ബാങ്കിൽ എത്തിയിട്ടും ഇടപാട് നടത്താൻ അവസരം ലഭിക്കാത്തവർക്ക് ഉച്ചക്ക് 12.30 മുതൽ ഒരുമണിവരെ അവസരം നൽകും. ഒക്ടോബർ 19ന് ആരംഭിച്ച ഈ ക്രമീകരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും.
ഉപഭോക്താക്കൾ ബാങ്ക് സന്ദർശനം പരമാവധി കുറയ്ക്കുന്നതിനായി എ.ടി.എം കാർഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ സേവിംഗ്സ് അക്കൗണ്ടിൽ ഇടപാടുകളിൽ മുകളിൽ പറഞ്ഞ ക്രമീകരണം പാലിക്കണം.
വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റു ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.
പൊതുവായ അന്വേഷണങ്ങൾ, മുൻകൂട്ടി നിശ്ചയിച്ച സന്ദർശനങ്ങൾ എന്നിവയ്ക്ക് അതാത് ബാങ്ക് ശാഖയുമായി ഫോണിൽ ബന്ധപ്പെടാം.
ചില മേഖലകളിൽ ബാങ്ക് പ്രവർത്തന സമയത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ അത്തരം പ്രദേശങ്ങളിൽ അക്കൗണ്ട് നമ്പർ അടിസ്ഥാനത്തിലുള്ള സമയക്രമീകരണത്തിൽ മാറ്റം വരും. അത്തരം പ്രദേശങ്ങളിലെ പുതുക്കിയ സമയക്രമം അതാത് ബാങ്ക് ശാഖകളിൽ പ്രദർശിപ്പിക്കുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.