റിലയന്‍സുമായുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇടപാടിന് താല്‍കാലിക വിരാമമായി
ന്യൂഡല്‍ഹി: ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ കച്ചകെട്ടിയ മുകേഷ് അംബാനിക്ക് തിരിച്ചടി. ബിഗ് ബസാര്‍ ശൃംഖല അടങ്ങുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതായി അടുത്തിടെയാണു റിലയന്‍സ് പ്രഖ്യാപിച്ചത്. ഈ നീക്കത്തിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. റിലയന്‍സുമായുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇടപാട് സിംഗപ്പൂര്‍ ആര്‍ബിട്രേഷന്‍ പാനല്‍ തടഞ്ഞു. ഇനിയൊരു വിധി ഉണ്ടാകുന്നതുവരെ യാതൊരുവിധ ഇടപാടുകളും പാടില്ലെന്നു വിധിച്ചിട്ടുണ്ട്.
രാജ്യാന്തര റിട്ടെയില്‍ ഭീമനായ ആമസോണിന്റെ പരാതിയിലാണ് സിംഗപ്പൂര്‍ ആര്‍ബിട്രേഷന്‍ പാനലിന്റെ ഉത്തരവ്. ലോക സമ്പന്നനും ഏഷ്യന്‍ സമ്പന്നനും തമ്മിലുള്ള ഏറ്റുമുട്ടലായാണ് രാജ്യാന്തര വിപണി വിധിയെ കാണുന്നത്.കിഷോര്‍ ബിയാനി ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലായിരുന്ന ഫ്യൂച്ചര്‍ റീട്ടെയ്‌ലും ആമസോണുമായി മത്സരാധിഷ്‌ഠിത ഉടമ്ബടി നിലവിലുണ്ടെന്നും അതിനാല്‍ തന്നെ ഏറ്റെടുക്കല്‍ സാധിക്കില്ലെന്നും ജെഫ് ബെസോസ് വാദിച്ചു. ഇതോടെ റിലയന്‍സുമായുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇടപാടിന് താല്‍കാലിക വിരാമമായി.
ആര്‍ബിട്രേഷന്‍ പാനലിന്റെ വിശദമായ ഉത്തരവിന് ശേഷമേ ഇനി ഇടപാടുമായി മുന്നോട്ട് പോകാനാകൂ. ആര്‍ബിട്രേഷന്‍ പാനലിന്റെ ഉത്തരവ് അമേരിക്കന്‍ കമ്പനിയായ ആമസോണിന് വലിയ ആശ്വാസമാണ്.
ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കമ്പനി തയാറെടുക്കവേയായിരുന്നു റിലയന്‍സിന്റെ കടന്നുവരവ്.
ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിക്ഷേപമുള്ള ആമസോണ്‍ കമ്ബനിയെ ഏറ്റെടുക്കാനുള്ള നീക്കത്തിലായിരുന്നുവെന്നാണു അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ വര്‍ഷം ഓഗസ്‌റ്റ് 29നാണ് റിലയന്‍സ് ഗ്രൂപ്പ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്. 24,713 കോടിയുടേതായിരുന്നു കരാര്‍.