ഇന്ത്യയിലെ വേഗതയേറിയ 4ജി മൊബൈൽ നെറ്റ്‌വർക്ക് ആരുടേത്?  


ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി മൊബൈൽ നെറ്റ്‌വർക്ക് ആരുടേത്? പുതിയ സിം വാങ്ങുമ്പോൾ തീർച്ചയായും ഈ ഒരു ചോദ്യം നിങ്ങൾക് മുൻപിൽ എത്തിയിട്ടുണ്ടാകും. നെറ്റ്‌വർക്ക് അനലിസ്റ്റ് കമ്പനിയായ ഓക്ല റിപ്പോർട്ട് അനുസരിച്ച് ഈ വർഷം മൂന്നാം പാദത്തിൽ 4ജിയിൽ കൂടുതൽ വേഗതയുള്ള മൊബൈൽ ഓപ്പറേറ്റർ വിഐ (വൊഡാഫോൺ ഐഡിയ) ആണ്. അതെ സമയം 4ജി ലഭ്യതയുടെ കണക്കിൽ ജിയോയാണ് മുന്നിട്ട് നിൽക്കുന്നത്.


ഓക്ല റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ വൻ നഗരങ്ങളിൽ ഡാറ്റാ വേഗത വ്യത്യസ്തമാണ്. ടാറ്റ ഡൗൺലോഡ് വേഗത്തിൽ ഹൈദരാബാദ് ആണ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത്. രാജ്യത്തെ മൊബൈൽ നെറ്റ്‌വർക്കുകളിലൂടെ ശരാശരി ഡൗൺ‌ലോഡ് വേഗത കഴിഞ്ഞ വർഷത്തേക്കാൾ 11.6 ശതമാനം കൂടി എന്നും ഓക്ല റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ട് പ്രകാരം വർഷത്തിന്റെ മൂനാം പാദത്തിൽ വിഐയുടെ ശരാശരി ഡൌൺലോഡ് വേഗത 13.74 എംബിപിഎസ്സും അപ്ലോഡ് സ്പീഡ് 6.19 എംബിപിഎസ്സുമാണ്. ശരാശരി ഡൗൺലോഡ് സ്പീഡ് 13.58 എംബിപിഎസ്സും ശരാശരി അപ്‌ലോഡ് വേഗത 4.15 എംബിപിഎസ്സുമായി എയർടെൽ ആണ് രണ്ടാം സ്ഥാനത്ത്. ശരാശരി 9.71 എംബിപിഎസ് ഡൗൺലോഡും 3.41 എംബിപിഎസ് അപ്‌ലോഡ് വേഗതയുമായി ജിയോയ്ക്ക് മൂനാം സ്ഥാനമാണ്.


മേഖല തിരിച്ചുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, ശരാശരി ഡൗൺലോഡ് വേഗത 14.35 എംബിപിഎസ്സുമായി ഹൈദരാബാദ് ആണ് ഒന്നാമത്. മുംബൈ 13.55 എംബിപിഎസ് സ്പീഡുമായി രണ്ടാമതും വിശാഖപട്ടണം 13.40 എംബിപിഎസുമായി മൂന്നാം സ്ഥാനത്തുമാണ്. ശരാശരി 13.04 എംബിപിഎസ് വേഗതയുമായി രാജ്യ തലസ്ഥാനമായ ഡൽഹിയ്ക്ക് ആറാം സ്ഥാനം മാത്രമേയുള്ളു.
ആൻഡ്രോയിഡിലെ സ്പീഡ്‌ടെസ്റ്റ് അപ്ലിക്കേഷനിൽ നിന്ന് ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ, 4ജി ലഭ്യതയിൽ ദക്ഷിണേഷ്യയിലെ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. സ്പീഡ്‌ടെസ്റ്റ് നടത്തിയ സ്ഥലങ്ങളിൽ 94.7 ശതമാനം സ്ഥലങ്ങളിലും 4ജി ലഭ്യമാണെന്ന് രേഖപ്പെടുത്തി. 78.6 ശതമാനം 4ജി കണക്ടിവിറ്റിയുമായി ബംഗ്ലദേശും 72.9 ശതമാനം കണക്ടിവിറ്റിയുമായി പാകിസ്ഥാനുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ.


അതെ സമയം ഊക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് റിപ്പോർട്ട് അനുസരിച്ച് സെപ്റ്റംബറിൽ മൊബൈൽ ഇന്റർനെറ്റ് സ്പീഡിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് 131-ാം സ്ഥാനം മാത്രമാണ്. 138 രാജ്യങ്ങളിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് കണക്കാക്കിയാണ് റിപ്പോർട്ട് തയ്യറാക്കിയിരിക്കുന്നത്. ശരാശരി ആഗോള ഡൗൺലോഡ് സ്പീഡ് 35.26 എംബിപിഎസ്സിൽ നിൽകുമ്പോൾ ഇന്ത്യയിലെ ഡൗൺലോഡ് സ്പീഡ് 12.07 എംബിപിഎസ് മാത്രമാണ് എന്ന് റിപ്പോർട്ട് പറയുന്നു. ശരാശരി ആഗോള അപ്‌ലോഡ് സ്പീഡ് 11.22 എംബിപിഎസ് ആണ്. ഇന്ത്യയിലിത് 4.3 എംബിപിഎസ് മാത്രം.
ഇന്ത്യയുടെ അയാൾ രാജ്യങ്ങളായ ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവ ലിസ്റ്റിൽ ഇന്ത്യയ്ക്ക് മുന്നിലാണ്. 102-ാം സ്ഥാനത്തുള്ള ശ്രീലങ്കയിൽ 19.95 എംബിപിഎസ് ആണ് വേഗം. 116-ാം സ്ഥാനത്തുള്ള പാകിസ്ഥാനിൽ 17.13 എംബിപിഎസ്സും, 117-ാം സ്ഥാനത്തുള്ള നേപ്പാളിൽ 17.12 എംബിപിഎസ് ആണ് മൊബൈൽ ഇന്റർനെറ്റ് സ്പീഡ്. ലിസ്റ്റിൽ ഒന്നാമത് ദക്ഷിണ കൊറിയയാണ്‌. 121.00 എംബിപിഎസ് ദക്ഷിണ കൊറിയയിലെ ശരാശരി മൊബൈൽ ഇന്റർനെറ്റ് സ്പീഡ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team