വാഹന വിപണിയിൽ മുന്നേറ്റം!
ഉത്സവ സീസണുകള്‍ക്കായി കാത്തിരിക്കുകയാണ് രാജ്യത്തെ വാഹന വിപണി. ഒക്‌ടോബറില്‍ വിപണികളില്‍നിന്നു ലഭിച്ച മികച്ച പ്രതികരണമാണ് ഇതിനു കാരണം. കോവിഡ് കാല നഷ്‌ടങ്ങള്‍ ഉത്സവ വില്‍പ്പനയിലൂടെ മായ്‌ച്ചുകളയാമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് വാഹന നിര്‍മാതാക്കള്‍. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായിയും ഹീറോ മേട്ടോര്‍കോര്‍പ്പും ഒക്‌ടോബറില്‍ ഡീലര്‍ഷിപ്പുകളിലേക്ക് ആവശ്യാനുസരണം അയച്ചത് ചരിത്രത്തിലെ തന്നെ മികച്ച നമ്ബറുകളാണ്. രണ്ടു വര്‍ഷമായി രാജ്യത്തെ വാഹനവിപണി കടുത്ത പ്രതിസന്ധി നേരിടുകയാണ്. 2019- 20 വര്‍ഷം 18 ശതമാനം ഇടിവാണ് വിപണി നേരിട്ടത്. ഇത്തവണ കോവിഡ് എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. എന്നാല്‍ ഉത്സവസീസണ്‍ ആയതോടെ ആവശ്യകത കൂടിയതു പ്രതീക്ഷ നല്‍കുന്നതാണ്.