ഇനി എ.ടി.എം നിങ്ങളുടെ അടുത്തേക്ക് വരും!
കൊച്ചി: പണത്തിന് അത്യാവശ്യമായിരിക്കുമ്പോള്‍ അടുത്തെങ്ങും എ.ടി.എം ഇല്ലെങ്കില്‍ എന്തുചെയ്യും? ഇനി ആശങ്ക വേണ്ട. എ.ടി.എം നിങ്ങളുടെ അടുത്തേക്ക് വരും! അതെ, ഏസ് മണി മൈക്രോ എ.ടി.എം ഇനി ഉപഭോക്താക്കളിലേക്ക് എത്തും.
കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായുള്ള ഏസ്വെയര്‍ ഫിന്‍ടെക് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംരംഭമായ ഏസ് മണി മൈക്രോ എ.ടി.എം ആണ് ‘മൈക്രോ എ.ടി.എം വീട്ടിലേക്ക്” എന്ന പദ്ധതി നടപ്പാക്കുന്നത്. ഏസ് മണി ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പണം ആവശ്യപ്പെടാം.
‘അതര്‍ ബാങ്ക്” എ.ടി.എമ്മിന് സമാനമായ രീതിയിലാണ് പദ്ധതി. 30-40 മിനുട്ടിനകം ഏസ് മണിയുടെ എക്സിക്യൂട്ടീവ് ഉപഭോക്താവിന്റെ പക്കലെത്തി പണം കൈമാറും.അതര്‍ ബാങ്ക് എ.ടി.എമ്മുകളില്‍ പണം പിന്‍വലിക്കുമ്പോഴുള്ള നിബന്ധനകള്‍ തന്നെയാണ് ബാധകം. ഏത് ബാങ്കിന്റെയും എ.ടി.എം, എക്സിക്യൂട്ടീവിന്റെ പക്കലെ മെഷീനില്‍ സ്വൈപ്പ് ചെയ്ത് പണം നേടാം.
കഴിഞ്ഞ ആറുമാസമായി കേരളത്തിലുടനീളം 3,000 ഓളം കടകളിലും പെട്രോള്‍ സ്റ്റേഷനുകളിലും മൈക്രോ എ.ടി.എം സേവനം ഏസ് മണി ലഭ്യമാക്കുന്നുണ്ടെന്ന് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജിമിന് ജെ. കുറിച്ചിയില്‍ പറഞ്ഞു.
ഏതൊരാള്‍ക്കും മൈക്രോ എ.ടി.എം ഏജന്റായി മാറാന്‍ അവസരമുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ചാണ് കമ്ബനി സേവനം നല്‍കുന്നത്. ഓരോ ഇടപാടിനും 10 രൂപവരെ കമ്മിഷന് നേടാം. എ.ടി.എം മെഷീന് സൗജന്യമായി നേടി ഏജന്റായി പ്രവര്‍ത്തിക്കാനും അവസരമുണ്ട്.