LNG വിപ്ലവത്തിനൊരുങ്ങി ഇന്ത്യ!
ഗതാഗതരംഗത്ത് അന്തരീക്ഷ മലിനീകരണം തീരെക്കുറഞ്ഞ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍.എന്‍.ജി) ലഭ്യതയും ഉപഭോഗവും ഉയര്‍ത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കാനായി മൂന്നുവര്‍ഷത്തിനകം 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
ഇക്കാലയളവില്‍ രാജ്യവ്യാപകമായി 1,000 എല്‍.എന്‍.ജി വിതരണ സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ കേരളത്തിലുള്‍പ്പെടെ 50 സ്‌റ്റേഷനുകളാണ് സ്ഥാപിക്കുക. ഇതില്‍ 20 എണ്ണം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേത് (ഐ.ഒ.സി) ആയിരിക്കും. ഹിന്ദുസ്ഥാന്‍ പെട്രോളിയവും (എച്ച്.പി.സി.എല്‍) ഭാരത് പെട്രോളിയവും (ബി.പി.സി.എല്‍) പതിനൊന്നു വീതവും ഗെയില്‍ ആറും പെട്രോനെറ്റ് എല്‍.എന്‍.ജി രണ്ടും സ്റ്റേഷനുകള്‍ സ്ഥാപിക്കും.ആദ്യഘട്ടത്തില്‍ ഏറ്റവുമധികം സ്‌റ്റേഷനുകള്‍ വരുക ഗുജറാത്തിലാണ്; പത്തെണ്ണം. ആന്ധ്രപ്രദേശ് (ആറ്), കര്‍ണാടക (അഞ്ച്), തമിഴ്നാട് (എട്ട്) കേരളം (മൂന്ന്), രാജസ്ഥാന്‍ (മൂന്ന്) എന്നിവയാണ് ഏറ്റവുമധികം സ്‌റ്റേഷനുകള്‍ ലഭിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.
പെട്രോനെറ്റ് എല്‍.എന്‍.ജിക്ക് എറണാകുളം പുതുവൈപ്പില്‍ എല്‍.എന്‍.ജി ടെര്‍മിനലുണ്ട്. തിരുവനന്തപുരം, കൊച്ചി, എടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എല്‍.എന്‍.ജി റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് പെട്രോനെറ്റ് വ്യക്തമാക്കിയിരുന്നു.
ഗതാഗത, ചരക്കുനീക്ക രംഗത്ത് എല്‍.എന്‍.ജി വന്‍ മാറ്റത്തിനും നേട്ടത്തിനും വഴിയൊരുക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഒരുവര്‍ഷത്തിനകം 150 എല്‍.എന്‍.ജി റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ലക്ഷ്യം. ഓരോ 200 കിലോമീറ്ററിലും കുറഞ്ഞത് ഒരു സ്‌റ്റേഷനാണ് ഉദ്ദേശിക്കുന്നത്.