ഏറെ പുതുമകളോടെ ഇന്നോവ ക്രിസ്റ്റ്റ്റെ!
കൊച്ചി: ഇന്ത്യയിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ വാഹനങ്ങളില്‍ മുന്നിലാണ് ടൊയോട്ട ഇന്നോവ. വിവിധോദ്ദേശ്യ വാഹന ശ്രേണിയില്‍ (എം.പി.വി) വിപ്ളവമുണ്ടാക്കിയ ഇന്നോവയുടെ പുതിയ അവതാരമായിരുന്നു ക്രിസ്‌റ്റ. നിരത്തുകളില്‍ വിജയഗാഥ കുറിച്ച ക്രിസ്‌റ്റയ്ക്ക് ആകര്‍ഷകമായ പുതിയ കണക്‌ടഡ് ഇന്‍ഫോടെയ്‌ന്‍മെന്റ് സംവിധാനം ഉള്‍പ്പെടെ ഒട്ടേറെ പുതുമകള്‍ നല്‍കി, പുതിയ പതിപ്പ് ടൊയോട്ട വിപണിയിലെത്തിച്ചു.
ഭംഗിയുള്ള പുതിയ പിയാനോബ്ളാക്ക് ട്രപസോയിഡല്‍ ഗ്രില്ലാണ് മുന്‍ഭാഗത്തെ പ്രധാന ആകര്‍ഷണം. അതിലേക്ക് വശങ്ങളില്‍ നിന്ന് തെന്നിവീഴുകയാണ് ഹെഡ്‌ലാമ്ബ് ക്ളസ്‌റ്റര്‍. ബോണറ്റ് കൂടുതല്‍ ഷാര്‍പ്പായിരിക്കുന്നു. ഡയമണ്ട് കട്ട് അലോയ് വീലുകളും കൂടിച്ചേരുന്നതോടെ കൂടുതല്‍ സ്‌പോര്‍ട്ടീ ആകുന്നുണ്ട് ക്രിസ്‌റ്റ.പാര്‍ക്കിംഗ് കൂടുതല്‍ ആയാസരഹതിവും സുഗമവുമാക്കുന്ന, എം.ഐ.ഡി ഡിസ്‌പ്ളേയോട് കൂടിയ ഫ്രണ്ട് ക്ളിയറന്‍സ് സോനാര്‍ ഏറെ ഉപയോഗപ്രദവും സുരക്ഷ ശക്തമാക്കുന്നതുമാണ്. ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ ഹില്‍ സ്‌റ്റാര്‍ട്ട് അസിസ്‌റ്റ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങളുമുണ്ട്.
ഇസഡ്.എക്‌സ് ഗ്രേഡില്‍, ഒട്ടകത്തിന്റെ തവിട്ടുനിറം അനുസ്‌മരിപ്പിക്കുന്ന അപ്‌ഹോള്‍സ്‌റ്ററി അകത്തളത്തിന് പ്രീമിയം ടച്ച് സമ്മാനിക്കുന്നു. കണക്‌ടഡ് ഇന്‍ഫോടെയ്‌ന്‍മെന്റാണ് മറ്റൊരു മികവ്. ഓള്‍ ന്യൂ സ്മാര്‍ട്ട് പ്ളേ കാസ്‌റ്റ് ടച്ച് സ‌്ക്രീന്‍ ഓഡിയോയോട് കൂടിയതാണിത്. പുതിയ സ്‌പാര്‍ക്ളിംഗ് ബ്ളാക്ക് ക്രിസ്‌റ്റല്‍ ഷൈന്‍ നിറഭേദവും പുത്തന്‍ ക്രിസ്‌റ്റയ്ക്കുണ്ട്.