അഞ്ച് ട്രില്യണ്‍ ഇക്കോണമി എന്ന ലക്ഷ്യത്തിലെത്താന്‍ ഇന്ത്യക്ക് ഇനിയും സാധിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ!
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ട്രില്യണ്‍ ഇക്കോണമി എന്ന ലക്ഷ്യത്തിലെത്താന്‍ ഇന്ത്യക്ക് ഇനിയും സാധിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. അഞ്ച് വര്‍ഷം കൊണ്ട്, കൃത്യമായി പറഞ്ഞാല്‍ 2025ല്‍ ഇന്ത്യ ആ ലക്ഷ്യം നേടുമെന്ന് ഗോയല്‍ പറഞ്ഞു. അതിനായി ഒറ്റകാര്യം ചെയ്യേണ്ടതുണ്ട്. വാണിജ്യ മേഖലയും സര്‍ക്കാരും ആ ലക്ഷ്യം നേടുന്നതിനായി ഒന്നിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബിസിനസ് കമ്മ്യൂണിറ്റിയുടെ കഴിവുകളില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്ല സാധ്യത ഇന്ത്യയിലുണ്ട്. ബിസിനസ് കമ്മ്യൂണിറ്റി കൂടി ചേരുന്നതോടെ അടുത്ത 25-30 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നാവും.നമുക്കുള്ള ഏറ്റവും വലിയ വെല്ലുവിളി അംഗീകരിക്കുക എന്നതാണ്. സ്വാതന്ത്ര്യത്തിന്റെ നൂറ് വര്‍ഷങ്ങള്‍ 2047ല്‍ ആഘോഷിക്കുമ്ബോള്‍ നമ്മള് ഒന്നാം നമ്പര്‍ വിപണിയായി മാറണം. ഇന്ന് ലോകം നമ്മെ വിശ്വസ്ത പങ്കാളിയായിട്ടാണ് കാണുന്നത്. ആഗോള തലത്തില്‍ പല വസ്തുക്കളുടെയും വിതരണ ശൃംഖല ഇന്ത്യയില്‍ കേന്ദ്രീകൃതമാണെന്നും മന്ത്രി പറഞ്ഞു.ഇന്ന് നമ്മള് അവസരങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചില്ലെങ്കില്‍, സമൃദ്ധി നമുക്ക് ഒരിക്കലുമുണ്ടാവില്ല. അത് നമ്മുടെ കടമയാണ്. ഓരോ വ്യക്തിയും അത് ഏറ്റെടുക്കണം. സ്വയം പര്യാപ്തമായ ഇന്ത്യ എന്നത് നമ്മുടെ മന്ത്രമായി ഏറ്റെടുക്കണം. അത് നമ്മെ പ്രചോദിപ്പിക്കണം. നമ്മുടെ ലക്ഷ്യമായി അത് മാറണമെന്നും ഗോയല്‍ പറഞ്ഞു.
സ്വയം പര്യാപ്തമായാലും, ഇന്ത്യ ഒരിക്കലും ലോകരാജ്യങ്ങളുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കില്ല. പകരം ഇന്ത്യയുടെ പങ്കാളിത്തം ആഗോള തലത്തില്‍ വര്‍ധിപ്പിക്കുമെന്നും ഗോയല്‍ വ്യക്തമാക്കി.ഇന്ത്യ ആധുനിക സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യണം. അത്തരം ഉപകരണങ്ങളും ഒപ്പം വേണം. നമ്മുടെ ജോലികളെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ അത് സഹായിക്കും. അത് ഉല്‍പ്പന്നത്തിന്റെ നിലവാരം ഉയര്‍ത്താനും വിലയെ നിയന്ത്രിക്കുവാനും, നിര്‍മാണത്തെയും സഹായിക്കും. ഇതെല്ലാം ഉയരുന്നതോടെ ഇന്ത്യ ലോകത്തിന്റെ നിര്‍മാണ ഫാക്ടറിയായി മാറും. ഇന്ന് നമ്മള് ലോകത്തിന്റെ ഫാര്മസിയായിട്ടാണ് അറിയപ്പെടുന്നത്. അതുപോലെ നിര്‍മാണ വിപണിയായും നമ്മള് അറിയിപ്പെടും. നമ്മല് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. അതിനായി ഒന്നിച്ച് നിന്നാല്‍ അഞ്ച് ട്രില്യണ്‍ ഇക്കോണമിയെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഗോയല്‍ പറഞ്ഞു.