ലാപ്‌ടോപ്പിന് ശേഷം നോക്കിയയുടെ എസി വിപണിയിൽ; വില 30,999 രൂപ മുതൽ  

2010 വരെ ഇന്ത്യയിൽ ഫോണുകളുടെ പര്യായം ആയിരുന്നു നോക്കിയ. പക്ഷെ സ്മാർട്ട്ഫോൺ വിപണിയിലേക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതോടെ സാംസങ്, ആപ്പിൾ തുടങ്ങിയ വമ്പന്മാരുടെ മുന്നിൽ അടിപതറി നോക്കിയയ്ക്ക്. വിപണിയിൽ നിന്നും തുടച്ചു മാറ്റപ്പെട്ടു ഈ ഫിന്നിഷ് ബ്രാൻഡ്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് എച്എംഡി ഗ്ലോബൽ നോക്കിയ ബ്രാൻഡിനെ പുനരുജ്ജീവിപ്പിച്ചത്. നോക്കിയ ബ്രാൻഡിലുള്ള ഫീച്ചർ ഫോണുകളും, സ്മാർട്ട്ഫോണുകളും വിപണിയിലെത്തി. ഇതുകൂടാതെ കഴിഞ്ഞ വർഷം നോക്കിയയുടെ സ്മാർട്ട് ടിവികളും ഇന്ത്യൻ വിപണിയിലെത്തി. ഈ മാസത്തിന്റെ തുടക്കത്തിലാണ് നോക്കിയയുടെ ആദ്യ ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തിയത്. അവിടെയും കഴിയുന്നില്ല നോക്കിയയുടെ കഥ. ഫ്ലിപ്കാർട്ടുമായി സഹകരിച്ച് പുതുതായി വിപണിയിലെത്തുന്നത് ഇനി നോക്കിയ ബ്രാൻഡിങ്ങിൽ എത്തുന്നത് എയർ കണ്ടിഷൻ (എസി) ആണ്.

ഇന്ത്യയിൽ നിർമ്മിച്ചതായി അവകാശപ്പെടുന്ന ഒന്നിലധികം എസി വേരിയന്റുകൾ നോക്കിയ ബ്രാൻഡിൽ ഉടൻ വില്പനക്കെത്തും. ക്രമീകരിക്കാവുന്ന ഇൻ‌വെർട്ടർ ടെക്നോളജി, മോഷൻ സെൻസറുകൾ ഫീച്ചറുകൾ സഹിതമാവും നോക്കിയയുടെ എസി ശ്രേണി വിപണിയിലെത്തുക. വൈ-ഫൈ കണക്റ്റുചെയ്‌ത സ്മാർട്ട് ക്ലൈമറ്റ് കൺട്രോൾ, ഇഷ്ടാനുസൃതം ക്രമീകരിക്കാവുന്ന യൂസർ പ്രൊഫൈലുകൾ എന്നിവയും നോക്കിയ എസികൾക്കുണ്ടാകും.

ഈ മാസം 29 മുതലാണ് നോക്കിയയുടെ എസികൾ ഫ്ലിപ്‌കാർട്ട് മുഖേന വില്പനക്കെത്തുക. വിവിധ കപ്പാസിറ്റിയിലും, എനർജി എഫിഷ്യൻസിയിലുമായി കുറഞ്ഞത് 5 നോക്കിയ എസി മോഡലുകൾ വില്പനക്കെത്തും. എല്ലാ മോഡലുകളുടെയും വില വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല എങ്കിലും 30,999 രൂപ മുതലാണ് നോക്കിയ എസിയുടെ വില ആരംഭിക്കുക.
സെൽഫ്-ക്ലീനിങ് ടെക്നോളജി, ഫോർ-ഇൻ-വൺ അഡ്ജസ്റ്റബിൾ ഇൻവെർട്ടർ മോഡ് തുടങ്ങിയവ നോക്കിയ എസികൾക്കുണ്ടാകും. എയർ കണ്ടീഷനറുകൾക്ക് ഡ്യുവൽ റോട്ടറി കംപ്രസ്സറുകളോടൊപ്പം ബ്രഷ്ലെസ് ഡിസി മോട്ടോറുകളാണ്. ആറ് ഇൻ വൺ എയർ ഫിൽട്ടറുകളും നെഗറ്റീവ് അയോണൈസറും നോക്കിയ എസിയിലുണ്ടാകും. ഓരോ സമയത്ത് ഓരോ അളവിൽ എസി പ്രവർത്തിക്കാനുള്ള ടൈമറുകളും, ഉപയോഗിക്കുന്നവരുടെ ഇഷ്ടാനുസരണം ടെമ്പറേച്ചർ ഒറ്റ ക്ലിക്കിൽ ക്രമീകരിക്കാവുന്ന യൂസർ പ്രൊഫൈലും എസികൾക്കുണ്ടാകും. മാത്രമല്ല സ്മാർട്ട്ഫോൺ വഴി എസി നിയന്ത്രിക്കാൻ സാദ്ധിക്കും. എപ്പോൾ ഫിൽറ്ററുകൾ വൃത്തിയാക്കണം എന്ന നിർദേശവും എസി നൽകും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team