തകര്‍ച്ചയില്‍ നിന്ന് കരകയറാനാവാതെ റിയല്‍ എസ്റ്റേറ്റ് വിപണി-2021 പ്രതീക്ഷ!  

ദില്ലി: 2020ലും തകര്‍ച്ചയില്‍ നിന്ന് കരകയറാനാവാതെ റിയല്‍ എസ്റ്റേറ്റ് വിപണി. 2016ലെ നോട്ടുനിരോധനത്തിന് ശേഷം ഏറ്റവും പ്രതിസന്ധി നേരിട്ട മേഖലയാണ് റിയല്‍ എസ്റ്റേറ്റ് സെക്ടര്‍. 2020ല്‍ കരകയറുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ കൊവിഡില്‍ ആ പ്രതീക്ഷയും ഇല്ലാതായി. ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 2021ല്‍ പ്രതീക്ഷ വെച്ചിരിക്കുകയാണ് റിയല്‍ എസ്റ്റേറ്റ് വിപണി. വലിയ ഓഫറുകളും ഈ മേഖലയില്‍ നിന്ന് നല്‍കുന്നുണ്ട്.

പ്രോപ്പര്‍ട്ടി വിലക്കുറവ്, ഭവന വായ്പയുടെ പലിശക്കുറവ്, ഡിസ്‌കൗണ്ടുകള്‍, എന്നിവയാണ് ഓഫറുകള്‍. അതിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ സ്റ്റാമ്ബ് ഡ്യൂട്ടി കുറച്ചതും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകുമെന്നാണ് പ്രതീക്ഷ.വീടുകളുടെ വില്‍പ്പനയും ഓഫീസുകള്‍ ലീസിന് എടുക്കുന്നതും 50 ശതമാനത്തോളമാണ് ഇടിഞ്ഞത്. സെപ്റ്റംബര്‍ വരെ തീര്‍ത്തും നിശ്ചലമായിരുന്നു റിയല്‍ എസ്റ്റേറ്റ് മേഖല. ആര്‍ക്കും സ്ഥലം വാങ്ങാനോ, വീടുകള്‍ വാങ്ങാനോ താല്‍പര്യം പോലും ഉണ്ടായിരുന്നില്ല.

അതേസമയം ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയാണ് റിയല്‍ എസ്‌റ്റേറ്റ് മേഖല വാങ്ങാന്‍ താല്‍പര്യമുള്ളവരെ തേടിയിരുന്നത്. ഒക്ടോബറിലാണ് ഭേദപ്പെട്ട വില്‍പ്പന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടായത്. ചില ഡെവലെപ്മര്‍മാര്‍ വിപണിയിലേക്ക് സജീവ ഇടപെടല്‍ നടത്തിയതും ഗുണകരമായി. ഹൗസിംഗ് സെയിലുകള്‍ 47 ശതമാനമാണ് ഇടിഞ്ഞത്. ഏഴ് നഗരങ്ങളിലായി 1.38 ലക്ഷം യൂണിറ്റുകള്‍ മാത്രമാണ് ഈ വര്‍ഷം വില്‍പ്പന നടത്തിയത്. ഡല്‍ഹി-എന്‍സിആര്‍, മുംബൈ മെട്രൊപൊളിറ്റന്‍ റീജ്യന്‍, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ കണക്കാണിത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റാമ്ബ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയത് വലിയ നേട്ടമാണ്. ബില്‍ഡര്‍മാര്‍ക്കും ബയേഴ്‌സിനും ഇത് ആശ്വാസകരമാണ്. മുംബൈയിലും പൂനെയിലും റിയല്‍ എസ്റ്റേറ്റ് ആവശ്യകത വര്‍ധിപ്പിക്കുന്നതാണ് ഈ നീക്കം. അതേസമയം റിയല്‍ എസ്‌റ്റേറ്റ് മേഖല നാല് വര്‍ഷമായി പ്രതിസന്ധിയില്‍ തന്നെയാണ്. നിരവധി പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ഇല്ലാതായിരിക്കുകയാണ്. പല നഗരങ്ങളിലും കൊവിഡിന് മുമ്ബുള്ള സാഹചര്യങ്ങളിലേക്ക് വരാന്‍ തുടങ്ങിയിട്ടില്ലെന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രവര്‍ത്തകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team