പുതുവർഷത്തിൽ ബിറ്റ്കോയിൻ റെക്കോർഡ് നിവാരത്തിൽ;വില 29,000 സോളാർ കടന്നു  


ലോകത്തെ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം 29,000 ഡോളര്‍ കടന്നു. വ്യാഴാഴ്ച 29,300 (21ലക്ഷം രൂപ) ഡോളറിലെത്തി ബിറ്റ്കോയിൻ ചരിത്രം കുറിക്കുകയായിരുന്നു. ആദ്യമായാണ് ബിറ്റ്കോയിന്റെ വില ഈ നിലവാരത്തിൽ എത്തുന്നത്. ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യം ഈ വർഷം ഏകദേശം നാലിരട്ടിയായി ഉയർന്നിട്ടുണ്ട്.
ബിറ്റ്കോയിനിന്റെ വില അടുത്തിടെ 0.67 ശതമാനം കുറഞ്ഞ് 28,774.36 ഡോളറിലെത്തിയിരുന്നു. ഡിസംബർ 16നാണ് ബിറ്റ്കോയിൻ വില ആദ്യമായി 20,000 ഡോളർ വരെ എത്തിയത്. പെട്ടെന്നുള്ള നേട്ടങ്ങൾക്കായി നിക്ഷേപകർ കൂടുതലായി ബിറ്റ്കോയിനെ ആശ്രയിച്ചതാണ് വില കൂടാൻ കാരണം. കൂടാതെ വരുംകാലങ്ങളില്‍ ബിറ്റ്‌കോയിന്‍ പ്രധാന പണമടയ്ക്കല്‍ ഉപാധിയായി മാറുമെന്നും നിക്ഷേപകര്‍ കരുതുന്നു. അമേരിക്കയിൽനിന്നാണ് കൂടുതൽ നിക്ഷേപകര്‍ എത്തുന്നത്.

ഇന്ത്യയുള്‍പ്പെടെയുള്ള പ്രബല സാമ്പത്തിക രാജ്യങ്ങള്‍ ബിറ്റ്കോയിന് അംഗീകാരം നല്‍കിയിട്ടില്ല. 10 വര്‍ഷം മുമ്പ് വിപണിയിലെത്തിയ ബിറ്റ്കോയിന്‍ അടുത്ത കാലത്താണ് കൂടുതല്‍ പ്രചാരം നേടുന്നത്. ഈ വര്‍ഷം ബിറ്റ്‌കോയിന് ആവശ്യക്കാര്‍ ഏറെയാണ്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് വിപണികളെല്ലാം നിര്‍ജീവമായ അവസ്ഥയിലാണ് നിക്ഷേപകര്‍ കൂടുതലായി ക്രിപ്‌റ്റോകറന്‍സിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. അതേസമയം ഇന്ത്യയിൽ ബിറ്റ്കോയിൻ വ്യാപാരത്തിന് 18 ശതമാനം ജിഎസ്ടി ചുമത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.ആളുകൾ കൂട്ടത്തോടെ ബിറ്റ്കോയിനിൽ നിക്ഷേപിക്കാൻ തുടങ്ങിയതാണ് നികുതി ഏർപ്പെടുത്താൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. രാജ്യത്തെ ബിറ്റ്കോയിൻ ട്രേഡിങിന് നികുതി ഏർപ്പെടുത്തിയാൽ പ്രതിവർഷം 7,200 കോടി രൂപയോളം നികുതി ഇനത്തിൽ സര്‍ക്കാരിന് നേടാൻ കഴിയുമെന്നാണ് കേന്ദ്ര ഇക്കണോമിക് ഇൻറലിജൻസ് ബ്യൂറോയുടെ കണക്കൂട്ടൽ. പ്രതിവര്‍ഷം 40,000 കോടി രൂപയുടെ ബിറ്റ്‍കോയിൻ വ്യാപാരം രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് സൂചന. ക്രിപ്റ്റോകറൻസി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യാൻ സഹായകരമായ ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചതാണ് ഇന്ത്യയിൽ ബിറ്റ്‍കോയിൻ ട്രേഡിങ് ഇത്രയധികം വളരാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team