ഡ്രൈവറില്ല കാറുമായി ഓട്ടോ മൊബൈല്‍ രംഗത്തേക്ക് കടന്ന് വരാനൊരുങ്ങി ആപ്പിള്‍!  

ഓട്ടോ മൊബൈല്‍ രംഗത്തേക്കും കാലെടുത്ത് വെയ്ക്കാനുളള നീക്കത്തില്‍ ടെക് ഭീമന്‍ ആപ്പിള്‍. ഡ്രൈവറുടെ സഹായം കൂടാതെ സ്വയം ഡ്രൈവ് ചെയ്യുന്ന സാങ്കേതിക വിദ്യയുളള കാറുമായി ഓട്ടോ മൊബൈല്‍ രംഗത്തേക്ക് കടന്ന് വരാനാണ് ആപ്പിള്‍ ഒരുങ്ങുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2024ല്‍ ഡ്രൈവറില്ലാതെ ഓടിക്കാന്‍ പറ്റുന്ന കാര്‍ ആപ്പിള്‍ വിപണിയില്‍ ഇറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ കാറിനായി സ്വന്തമായി ഒരു ബാറ്ററി സാങ്കേതിക വിദ്യ കൂടി വികസിപ്പിച്ചെടുക്കാനാണ് ആപ്പിളിന്റെ ശ്രമം.

2014ലാണ് സ്വന്തമായി ഡ്രൈവറില്ലാ കാര്‍ നിര്‍മ്മിക്കാനുളള ആലോചനകള്‍ ആപ്പിള്‍ ആരംഭിച്ചത്. പ്രൊജക്‌ട് ടൈറ്റാന്‍ എന്നാണ് ആപ്പിള്‍ ഈ സ്വപ്‌ന പദ്ധതിക്ക് അന്ന് നല്‍കിയ പേര്.എന്നാല്‍ 2016 ആയപ്പോഴേക്കും ആപ്പിള്‍ ഈ പദ്ധതി ഏറക്കുറെ ഉപേക്ഷിച്ച മട്ടായി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊജക്‌ട് ടൈറ്റാന്‍ ആപ്പിള്‍ വീണ്ടും പൊടി തട്ടിയെടുത്തിരിക്കുകയാണ്.ഇലോണ്‍ മസ്‌കിന്റെ ടെസ്ലയില്‍ ജോലി ചെയ്തിരുന്ന ആപ്പിളിന്റെ പഴയ ഉദ്യോഗസ്ഥനായ ഡഗ് ഫീല്‍ഡ് രണ്ട് വര്‍ഷം മുന്‍പ് കമ്ബനിയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഇതോടെയാണ് ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചത്. പുതിയ ബാറ്ററി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതില്‍ ആപ്പിള്‍ വിജയിച്ചാല്‍ അത് ബാറ്ററി ചെലവ് മാത്രമല്ല വാഹനത്തിനുളള വിലയും കുറയ്ക്കാന്‍ സഹായിക്കും.ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയണമെങ്കില്‍ ബാറ്ററി വിലകുറഞ്ഞതായിരിക്കണം. വാഹനത്തിന്റെ മികവിനെ ബാധിക്കാത്ത തരത്തിലുളള വില കുറഞ്ഞ പുതിയ ബാറ്ററിയാണ് ആപ്പിള്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. എല്ലാ പദ്ധതികളുടേയും അമ്മയായ പദ്ധതി എന്നാണ് ആപ്പിള്‍ സിഇഒ തങ്ങളുടെ പ്രൊജക്‌ട് ടൈറ്റാനെ നേരത്തെ വിശേഷിപ്പിച്ചത്. നിലവില്‍ ടെസ്ല ചില കാറുകളില്‍ സെല്‍ഫ് ഡ്രൈവിംഗ് മോഡ് ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അതിനും ഡ്രൈവറുടെ ചില ഇടപെടലുകള്‍ ആവശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team