ടെക് മഹീന്ദ്രയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി കടന്നു!
ഓഹരി വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടെക് മഹീന്ദ്ര. കമ്ബനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി കടന്നു. നിലവില്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയില്‍ 1,01,671.34 രൂപയാണ് ടെക് മഹീന്ദ്ര ഓഹരികളുടെ മൊത്തം മൂല്യം. വെള്ളിയാഴ്ച്ച കമ്ബനി കാഴ്ച്ചവെച്ച വന്‍മുന്നേറ്റം പുതിയ നേട്ടം സാധ്യമാക്കി. 5.64 ശതമാനം മൂല്യവര്‍ധനവ് കുറിച്ചാണ് വെള്ളിയാഴ്ച്ച ടെക് മഹീന്ദ്ര ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ദിവസ വ്യാപാരത്തില്‍ 6.54 ശതമാനംവരെ നേട്ടം കുറിക്കാന്‍ കമ്ബനിക്ക് സാധിച്ചു. ഈ അവസരത്തില്‍ ടെക് മഹീന്ദ്രയുടെ ഓഹരികള്‍ 1,059.95 രൂപ വരെ വില കണ്ടു. നിലവില്‍ 1,050.95 രൂപയാണ് ടെക് മഹീന്ദ്ര ഓഹരികളുടെ പ്രതിവില.
ഇന്ത്യയില്‍ ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം പിന്നിടുന്ന അഞ്ചാമത്തെ ഐടി കമ്ബനിയാണ് ഇപ്പോള്‍ ടെക് മഹീന്ദ്ര.ടാറ്റ കണ്‍സള്‍ട്ടന്‍സി (ടിസിഎസ്), ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ലിമിറ്റഡ്, വിപ്രോ എന്നിവര്‍ ടെക് മഹീന്ദ്രയ്ക്ക് മുന്‍പ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ വിപണി മൂല്യം അടിസ്ഥാനപ്പെടുത്തിയുള്ള ബിഎസ്‌ഇ റാങ്കിങ്ങില്‍ ടെക് മഹീന്ദ്ര 33 ആം സ്ഥാനത്താണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍. 12,25,445.59 രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം. രണ്ടാം സ്ഥാനം ടിസിഎസ് കയ്യടക്കുന്നു; 11,70,875.36 രൂപയാണ് കമ്ബനിയുടെ വിപണി മൂല്യവും. പ്രധാന ഐടി കമ്ബനികളുടെ കാര്യമെടുത്താല്‍ ടിസിഎസിന് ശേഷം ഇന്‍ഫോസിസാണ് പട്ടികയില്‍ മുന്നില്‍. 5,58,772.73 രൂപ വിപണി മൂല്യം ഇന്‍ഫോസിസിനുണ്ട്. എച്ച്‌സിഎല്‍ ടെക്‌നോളജീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 2,69,860.43 രൂപയാണ്. വിപ്രോയുടെ വിപണി മൂല്യമാകട്ടെ 2,45,845.27 രൂപയും.
നേരത്തെ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാം പാദ വളര്‍ച്ചയാണ് ടിസിഎസ് കാഴ്ച്ചവെച്ചത്. ഡിസംബര്‍ പാദത്തില്‍ 5.4 ശതമാനം വളര്‍ച്ചാ നിരക്കില്‍ ടിസിഎസ് 42,015 കോടി രൂപ വരുമാനം നേടി. 7.2 ശതമാനം വര്‍ധനവ് അറ്റാദായത്തിലും സംഭവിച്ചു. 8,701 കോടി രൂപയാണ് കഴിഞ്ഞ പാദത്തില്‍ ടിസിഎസ് രേഖപ്പെടുത്തിയ അറ്റാദായം. സുപ്രധാന ബിസിനസ് മേഖലകളിലെ മുന്നേറ്റമാണ് ടിസിഎസിനെ ഡിസംബര്‍ പാദത്തില്‍ തുണച്ചത്.