ഇടത്തരം മുതല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച ആദായവും നികുതി ആനുകൂല്യവും ഉറപ്പുവരുത്തുന്ന മൂന്ന് മ്യൂച്വല്‍ ഫണ്ടുകൾ  

പുതിയ കാലത്ത് നികുതി ആനുകൂല്യം ലഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളുടെ (ഇഎല്‍എസ്എസ്) ഭാഗമാണ് ഇത്തരം നികുതി ആനുകൂല്യ മ്യൂച്വല്‍ ഫണ്ടുകള്‍. എന്നാല്‍ നികുതി ലാഭിക്കുന്നതിലേറെ മികച്ച ആദായം നല്‍കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സാധിക്കും. ഈ അവസരത്തില്‍ ഇടത്തരം മുതല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച ആദായവും നികുതി ആനുകൂല്യവും ഉറപ്പുവരുത്തുന്ന മൂന്ന് മ്യൂച്വല്‍ ഫണ്ടുകളെ ചുവടെ അറിയാം.


ബിഓഐ ആക്‌സ ടാക്‌സ് അഡ്വാന്റേജ് ഫണ്ട്

ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതിയുടെ ഗണത്തിലാണ് ബിഓഐ ആക്‌സ ടാക്‌സ് അഡ്വാന്റേജ് ഫണ്ട് ഉള്‍പ്പെടുന്നത്.ഈ ഫണ്ടില്‍ ഒന്നരലക്ഷം രൂപ വരെയുള്ള തുകയ്ക്ക് 80 സി വകുപ്പനുസരിച്ച് ഗണ്യമായ ആദായ നികുതി ഇളവ് ലഭിക്കും. വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ചു വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 16 ശതമാനത്തിലേറെ ആദായം നല്‍കാന്‍ ആക്‌സ ടാക്‌സ് അഡ്വാന്റേജ് ഫണ്ടിന് കഴിയും. ഏഴു വര്‍ഷത്തേക്കാണ് നിക്ഷേപമെങ്കില്‍ റിട്ടേണ്‍ നിരക്ക് 17 ശതമാനം കവിയും. നിക്ഷേപകര്‍ക്ക് എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) വഴിയും ഇതില്‍ നിക്ഷേപം നടത്താന്‍ അവസരമുണ്ട്.


നികുതി ലാഭിക്കാം

നിലവില്‍ വളര്‍ച്ചാ പദ്ധതിക്ക് കീഴിലുള്ള ഫണ്ടിന്റെ അസറ്റ് മൂല്യം (എന്‍എവി) 74.92 രൂപയാണ്. ഇതേസമയം, മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ലാഭവിഹിതങ്ങള്‍ക്കും മൂലധന നേട്ടങ്ങള്‍ക്കും നിക്ഷേപകര്‍ നികുതി നല്‍കാന്‍ ബാധ്യസ്തരാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, പിഐ ഇന്‍ഡസ്ട്രീസ്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ ആക്‌സ ടാക്‌സ് അഡ്വാന്റേജ് ഫണ്ടിന് വലിയ പങ്കാളിത്തമുണ്ട്. ക്രിസിലും വാല്യു റിസര്‍ച്ചും അഞ്ച് സ്റ്റാര്‍ റേറ്റിങ് നല്‍കിയിട്ടുണ്ടെങ്കിലും ഈ ഫണ്ടിന് കീഴിലുള്ള മൊത്തം ആസ്തി 351 കോടി രൂപയുടേതാണെന്ന് ഇവിടെ പ്രത്യേകം എടുത്തുപറയണം.


കാനറ റൊബേക്കോ ഇക്വിറ്റി ടാക്‌സ് സേവര്‍ ഫണ്ട്

കാനറ റൊബേക്കോ ഇക്വിറ്റി ടാക്‌സ് സേവര്‍ ഫണ്ടിനെക്കുറിച്ച് പ്രമുഖ റേറ്റിങ് ഏജന്‍സികള്‍ക്കെല്ലാം ഒരേ അഭിപ്രായമാണ് – ഈ ഫണ്ട് മികച്ച ആദായം സമര്‍പ്പിക്കും. കഴിഞ്ഞ മൂന്നുവര്‍ഷമായി വാര്‍ഷികാടിസ്ഥാനത്തില്‍ 14.34 ശതമാനം റിട്ടേണ്‍ നിക്ഷേപകര്‍ക്ക് ഫണ്ട് നല്‍കുന്നുണ്ട്. മൂന്ന് വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 15.35 ശതമാനവും അഞ്ച് വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 16.54 ശതമാനവുമാണ് റിട്ടേണ്‍ നിരക്ക്.


മികച്ച റിട്ടേൺ

ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫൈനാന്‍സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഉയര്‍ന്ന നിലവാരമുള്ള ഓഹരികളിലാണ് ഫണ്ടിന് നിക്ഷേപമുള്ളത്. വളര്‍ച്ചാ പദ്ധതിയിലാണ് നിക്ഷേപിക്കാന്‍ നോട്ടമെങ്കില്‍ ഫണ്ടിന്റെ മൊത്തം അസറ്റ് വാല്യു 89.82 രൂപയാണ്. പ്രതിമാസം 500 രൂപയില്‍ തുടങ്ങുന്ന എസ്‌ഐപി വഴിയും ഫണ്ടില്‍ നിക്ഷേപം നടത്താം. ഇതേസമയം, ഒന്നരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമേ ഫണ്ടില്‍ നികുതി ആനുകൂല്യം ലഭിക്കുകയുള്ളൂ.


എഡല്‍വെയ്‌സ് ലാര്‍ജ് ക്യാപ് ഫണ്ട്

മറ്റൊരു ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതിയാണ് എഡല്‍വെയ്‌സ് ലാര്‍ജ് ക്യാപ് ഫണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ ഫണ്ടിന്റെ പ്രകടനം ഏറെ പ്രശംസനീയമാണ്. ഒരു വര്‍ഷംകൊണ്ട് 19.66 ശതമാനം റിട്ടേണാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ചു വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 13.44 ശതമാനം റിട്ടേണ്‍ നിരക്ക് ഫണ്ട് അവകാശപ്പെടുന്നു. 2009 -ല്‍ അവതരിച്ചത് മുതല്‍ ഇതുവരെ 13 ശതമാനത്തിലേറെ റിട്ടേണ്‍ എഡല്‍വെയ്‌സ് ലാര്‍ജ് ക്യാപ് ഫണ്ട് സമര്‍പ്പിച്ചുകഴിഞ്ഞു.

ഇതേസമയം, ഫണ്ടില്‍ 10 ശതമാനം പണമായും മിച്ചമുള്ളവ ഓഹരികളായും വായ്പകളുമായാണ് നിലകൊള്ളുന്നത്. ഇതില്‍ ഓഹരിയിലുള്ള നിക്ഷേപം പോര്‍ട്ട്‌ഫോളിയോയുടെ 85.6 ശതമാനം കയ്യടക്കും. എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ എഡല്‍വെയ്‌സ് ലാര്‍ജ് ക്യാപ് ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ കാണാം. 5,000 രൂപയാണ് പദ്ധതിയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team