വാട്സാപ്പിൽ നിന്ന് സിഗ്നലിലേക്ക് മാറുകയാണോ? അറിയാം 5 ട്രിക്കുകൾ
ലോകത്തെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആണെങ്കിലും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന്റെ പുത്തൻ സേവന നിബന്ധനകളും സ്വകാര്യതാ നയവും ഉപഭോക്താക്കൾക്ക് അത്ര പിടിച്ചിട്ടില്ല. ഫെബ്രുവരി 8 മുതൽ നിലവിൽ വരുന്ന പുത്തൻ നിയമങ്ങൾ ഉപഭോക്താവിന്റെ എല്ലാ വിവരങ്ങളും വാട്സ്ആപ്പ് ഫേസ്ബുക്കുമായി പങ്കുവയ്ക്കും എന്നാണ് ഉപഭോക്താക്കൾ ഭയപ്പെടുന്നത്. ഇതോടെ വാട്സാപ്പിനോട് ഗുഡ്ബൈ പറഞ്ഞു മറ്റുള്ള അപ്പുകളിലേക്ക് തിരിയുകയാണ് പലരും. ടെലിഗ്രാം, വീ ചാറ്റ്, സ്നാപ്ചാറ്റ് തുടങ്ങിയ എതിരാളികളുണ്ടെങ്കിലും ലോകത്തെ അതിസമ്പന്നരുടെ ലിസ്റ്റിൽ അടുത്തിടെ ഒന്നാം സ്ഥാനത്തേക്കുയർന്ന ടെസ്ല കമ്പനി സിഇഓ ഇലോൺ മസ്ക്, അടുത്തിടെ വാട്സാപ്പിനെ ഉപേക്ഷിച്ച് സിഗ്നൽ ആപ്പിലേക്ക് മാറാൻ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തതോടെ പുത്തൻ എതിരാളിയുമായി.
അമേരിക്കൻ സ്ഥാപനമായ സിഗ്നൽ ഫൗണ്ടേഷൻ, സിഗ്നൽ മെസ്സഞ്ചർ എൽഎൽസി എന്നിവയുടെ സന്തതിയായ സിഗ്നൽ ആപ്പ്, സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന അതെ സമയം കൂടുതൽ സുരക്ഷിതമായ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് എന്ന നിലയ്ക്കാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. എല്ലാ കൈമാറ്റങ്ങൾക്കും ഓപ്പൺ-സോഴ്സ് സിഗ്നൽ പ്രോട്ടോകോൾ ആണ് സിഗ്നലിൽ. ധാരാളം പേരാണ് വാട്സാപ്പ് ഉപേക്ഷിച്ച് ഇപ്പോൾ സിഗ്നലിലേക്ക് കുടിയേറുന്നത്. നിങ്ങൾക്ക് സിഗ്നലിലേക്ക് മാറാൻ പ്ലാനുണ്ടോ? എങ്കിൽ താഴെ പറയുന്ന 5 പൊടികൈകൾ ഉപയോഗിക്കാൻ മറക്കല്ലേ.
1.. സ്ക്രീൻ ലോക്ക് ക്രമീകരിക്കാം – ഫോൺ ലോക്കിന് പുറമെ സിഗ്നലിനും പ്രത്യേക ലോക്കിങ് സംവിധാനമുണ്ട്. അതായത് ഫോൺ അൺലോക്ക് ആയിരിക്കുമ്പോഴും സിഗ്നൽ ആപ്പ് തുറക്കണമെങ്കിൽ വീണ്ടും പിൻ അല്ലെങ്കിൽ പാറ്റേൺ എന്റർ ചെയ്യേണ്ടി വരും. സെറ്റിങ്സിൽ പ്രൈവസി ടാബ് അമർത്തി ടോഗ്ഗിൽ സ്ക്രീൻ ലോക്ക് ഓൺ ചെയ്ത പിൻ അല്ലെങ്കിൽ പാറ്റേൺ ക്രമീകരിക്കാം.
- മറ്റുള്ളവർ സിഗ്നലിൽ ചേരുമ്പോൾ വരുന്ന നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാം – നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ആര് പുതുതായി സിഗ്നൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചാലും നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. ധാരാളം പേർ ഇപ്പോൾ സിഗ്നൽ ഡൗൺലോഡ് ചെയ്യുന്നതുകൊണ്ട് ഒരുപക്ഷെ ഇടയ്ക്കിടെ വരുന്ന ഇത്തരം നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ശല്യം ആയേക്കാം. സെറ്റിങ്സിൽ നോട്ടിഫിക്കേഷൻ ബട്ടണിൽ അമർത്തി ടോഗ്ഗിൾ കോൺടാക്ട് ജോയ്ൻഡ് സിഗ്നൽ ഓഫ് ചെയ്ത് വച്ചാൽ പിന്നെ ഇത്തരം നോട്ടിഫിക്കേഷൻ ലഭിക്കില്ല.
- അയക്കുന്ന ചിത്രത്തിൽ വ്യക്തിയുടെ മുഖം ബ്ലർ ചെയ്യാം – സ്വകാര്യതയാണല്ലോ സിഗ്നലിന്റെ പ്രധാന സവിശേഷത. അതുകൊണ്ട് തന്നെ ഒരാളുടെ ചിത്രം സിഗ്നലിലൂടെ കൈമാറുമ്പോൾ ആ വ്യക്തിയുടെ സമ്മതം ഇല്ലെങ്കിലിൽ മുഖം ബ്ലർ ചെയ്യാം (അവ്യക്തമാക്കാം). സാധാരണ ഗതിയിൽ ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് ചെയ്യേണ്ട ഈ ജോലി സിഗ്നലിലെ ഓട്ടോമാറ്റിക് ഫേസ് ബ്ലറിങ് ടൂൾ ഉപയോഗിച്ച് പെട്ടന്ന് ചെയ്യാവുന്നതാണ്. ചാറ്റ് വിൻഡോയിലെ + സൈൻ അമർത്തി അയക്കേണ്ട ചിത്രം സെലക്ട് ചെയ്ത ശേഷം, ബ്ലർ സെലക്ട് ചെയ്യണം. അതിൽ ടോഗ്ഗിൾ ബ്ലർ ഫെയ്സസ് അമർത്തി ഈ സംവിധാനം പ്രയോജനപ്പെടുത്താം.
- തനിയെ അപ്രത്യക്ഷമാവുന്ന മെസ്സേജ് – വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച തനിയെ അപ്രത്യക്ഷമാവാവുന്ന മെസ്സേജ് ഫീച്ചർ 2016 മുതൽ തന്നെ സിഗ്നലിൽ ലഭ്യമാണ്. ഒരു നിശ്ചിത സമയത്തിന് ശേഷം സ്വീകർത്താവിന്റെ ചാറ്റ് വിൻഡോയിൽ നിന്നും നിങ്ങൾ അയക്കുന്ന മെസ്സേജ് തനിയെ ഡിലീറ്റ് ആവുന്ന സംവിധാനമാണിത്. ചാറ്റ് ചെയ്യുന്ന വ്യക്തിയുടെ ഇമേജിൽ അമർത്തി ടോഗ്ഗിൾ ഡിസപ്പിയറിങ് മെസ്സേജ് ക്ലിക്ക് ചെയ്ത് സ്ലൈഡറിൽ എത്ര സമയം എന്ന് ക്രമീകരിക്കാം.
- സിഗ്നലിലൂടെ അയക്കുന്ന ഫോട്ടോ, വീഡിയോ, ഫയലുകൾ സ്വീകർത്താവിന് ഒറ്റത്തവണ മാത്രം കാണാൻ പറ്റുന്ന രീതിയിൽ ക്രമീകരിക്കാനും ആപ്പിൽ സംവിധാനമുണ്ട്. ഈ ക്രമീകരണം ഓൺ ചെയ്താൽ നിങ്ങൾ അയക്കുന്ന ചിത്രമോ വീഡിയോയോ സ്വീകർത്താവ് ഒരിക്കൽ കണ്ടതിനു ശേഷം ചാറ്റ് വിൻഡോ ക്ലോസ് ചെയ്താൽ പിന്നീട് കാണാൻ സാധിക്കില്ല. നിങ്ങൾ അയച്ച ഫോട്ടോ, വീഡിയോകൾ ദിവസങ്ങളോ ആഴ്ചയോ കഴിഞ്ഞാലും സ്വീകർത്താവിന് കാണാനാകും, പക്ഷേ ഒരു തവണ മാത്രം. ചാറ്റ് വിൻഡോയിലെ + സൈൻ അമർത്തി അയക്കേണ്ട ചിത്രം, വീഡിയോ തിരഞ്ഞെടുത്ത് ചുവടെ ഇടത് കോണിലുള്ള ഇൻഫിനിറ്റി ഐക്കണിൽ ടാപ്പ് ചെയ്യുക മാത്രമേ ഈ സംവിധാനം പ്രവർത്തനക്ഷമമാക്കാൻ ചെയ്യേണ്ടതുള്ളൂ.