ബജറ്റ് പ്രവചിക്കുന്നവര്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനം!  

സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്ന കാര്യങ്ങള്‍ പ്രവചിക്കുന്നവര്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സമ്മാനം നല്‍കുന്നതിനൊപ്പം വിജയികളുമായി നേരിട്ട് സംസാരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളം എങ്ങനെ കരകയറും എന്നത് സംബന്ധിച്ച്‌ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ രംഗത്ത് കേരളം ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണെന്നും ഈ നേട്ടങ്ങളെ എല്ലാ മേഖലയിലും പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള ഒരു ബജറ്റായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ മലയാളം ചാനലിലെ പരിപാടയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെറുപ്പക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍സൃഷ്ടിക്കുന്നതിനുള്ള കൃത്യമായ പദ്ധതികളാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വീട്ടമ്മമാര്‍ക്ക് വരുമാനം എത്തിക്കുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് പുസ്തകത്തില്‍ ജനപ്രിയ നടപടികള്‍ തുടരുമെന്ന് ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ തുക ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. പ്രവാസികളുടെ മടക്കത്തില്‍ വിദേശ വരുമാനം കുറഞ്ഞു. തൊഴിലില്ലായ്മ കൂടി, ഇതിനുള്ള പരിഹാരവും ഇത്തവണത്തെ സംസ്ഥാന ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ കൊവിഡ് വാക്സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team