ബിഗ് ബാസ്‌ക്കറ്റില്‍ വമ്ബന്‍ നിക്ഷേപത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്.  

മുംബൈ: ഓണ്‍ലൈന്‍ പലചരക്ക് പ്ലാറ്റ്ഫോമായ ബിഗ് ബാസ്‌ക്കറ്റില്‍ വമ്ബന്‍ നിക്ഷേപത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. 200-250 ദശലക്ഷം ഡോളര്‍ നിക്ഷേപത്തിനാണ് ടാറ്റ ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അന്തിമഘട്ടത്തിലെത്തിയത്.

മൊത്തത്തില്‍, ടാറ്റയ്ക്ക് ബിഗ് ബാസ്‌ക്കറ്റിലേക്കുള്ള പ്രാഥമിക, ദ്വിതീയ ഓഹരി വില്‍പ്പനയില്‍ ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ കഴിയും. ഇന്ത്യയിലെ ഏറ്റവും വലിയ ഇ-പലചരക്ക് കമ്ബനിയ്ക്കുള്ള 60 ശതമാനം ഓഹരികളുടെ മൂല്യമാണിത്. ടാറ്റ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ സണ്‍സാണ് ഓണ്‍ലൈന്‍ പലചരക്ക് രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നത്.നിലവിലുള്ള വന്‍കിട ഓണ്‍ലൈന്‍ റിട്ടെയില്‍ പ്ലാറ്റ്ഫോമുകള്‍ക്കൊപ്പം മത്സരിച്ച്‌ ടാറ്റയ്ക്ക് ആധിപത്യം പുലര്‍ത്താന്‍ ഈ ഏറ്റെടുക്കല്‍ സഹായകമാകും.

പലചരക്ക് രംഗത്തെ നിര്‍ണായക സാന്നിദ്ധ്യമാണ് ബിഗ് ബാസ്‌ക്കറ്റ്. ചൈനീസ് കമ്ബനിയായ ആലിബാബയ്ക്കും ഇക്വിറ്റി കമ്ബനിയായ അബ്രാജ് ഗ്രൂപ്പും ബിഗ്ബാസ്‌ക്കറ്റിന്റെ 46 ശതമാനം ഓഹരികളാണ് കൈവശം വച്ചിരിക്കുന്നത്. ഈ ഇടപാട് നടക്കുന്നതോടെ ഇരു കമ്ബനികളും ബിഗ് ബാസ്‌ക്കറ്റില്‍ നിന്ന് പുറത്തുപോകും. ലോക്ക് ഡൗണ്‍ കാലത്ത് വലിയ രീതിയിലുള്ള വളര്‍ച്ചയാണ് ബിഗ് ബാസ്‌ക്കറ്റ് നേടിയെടുത്തത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 160,000 ഓര്‍ഡര്‍ വരെ പ്രതിദിനം കമ്ബനിക്ക് ലഭിച്ചെന്നാണ് കണക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team