സിഎസ്ബി ബാങ്ക്: അറ്റാദായത്തില്‍ വര്‍ധന; വിആര്‍എസ് പദ്ധതി പ്രഖ്യാപിച്ചു  

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ മികച്ച പ്രകടനം പുറത്തുവിട്ട് സിഎസ്ബി ബാങ്ക്. 2020 ഡിസംബര്‍ 31 അവസാനിച്ച പാദത്തില്‍ ബാങ്ക് 53.05 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 28.14 കോടി രൂപയായിരുന്നു. 89 ശതമാനം വര്‍ധന.

ഇക്കാലയളവില്‍ ബാങ്കിന്റെ മൊത്തവരുമാനം 599.24 കോടി രൂപയായി. നിക്ഷേപത്തില്‍ 16 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. വായ്പ, വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനം വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണ്ണപ്പണയ വായ്പാ രംഗത്ത് ബാങ്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 61 ശതമാനം വളര്‍ച്ച കൈവരിച്ചു.

ബാങ്കിന്റെ CASA വാര്‍ഷികാടിസ്ഥാനത്തില്‍ 24 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് മിന്നുന്ന പ്രകടനമാണ് ബാങ്ക് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റല്‍ പെനിട്രേഷന്‍ 73 ശതമാനം വര്‍ധിച്ചുവെന്ന് ഇന്ന് ബാങ്ക് പുറത്തുവിട്ട പ്രകടന ഫലത്തില്‍ വ്യക്തമാക്കുന്നു.സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും വായ്പാ മോറട്ടോറിയം പിന്‍വലിച്ചതുമെല്ലാം കണക്കിലെടുത്ത് കൂടുതല്‍ തുക റെഗുലേറ്ററി പ്രൊവിഷനായി വകയിരുത്തിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സിവിആര്‍ രാജേന്ദ്രന്‍ വ്യക്തമാക്കി.

ബാങ്കിന്റെ അറ്റ നിഷ്‌ക്രിയാസ്തി 1.98 ശതമാനത്തില്‍ നിന്ന് 0.68 ശതമാനമായി താഴ്ന്നു. മൊത്ത നിഷ്‌ക്രിയാസ്തി 3.22 ശതമാനത്തില്‍ നിന്ന് 1.77 ശതമാനത്തിലെത്തി. സ്വര്‍ണപ്പണയ വായ്പാ മേഖലയ്ക്ക് പുറമേ റീറ്റെയ്ല്‍ വായ്പ, എസ്എംഎ രംഗം എന്നിവയിലൂന്നികൊണ്ടുള്ള സുസ്ഥിരമായ ബിസിനസ് മോഡലിനാണ് ബാങ്ക് മുന്‍തൂക്കം നല്‍കുന്നതെന്ന് സിവിആര്‍ രാജേന്ദ്രന്‍ വ്യക്തമാക്കി.അതിനിടെ ബാങ്ക് ഡയറക്റ്റര്‍ ബോര്‍ഡ് പുതിയ വൊളന്ററി റിട്ടയര്‍മെന്റ് പദ്ധതിക്ക് അംഗീകാരം നല്‍കി. 50 വയസുള്ള, ഏറ്റവും ചുരുങ്ങിയത് 10 വര്‍ഷം സേവനമുള്ള ജീവനക്കാര്‍ക്ക് വിആര്‍എസിന് അര്‍ഹതയുണ്ട്. ജനുവരി 25ന് പദ്ധതി നിലവില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team