പൊതുവിതരണ കേന്ദ്രങ്ങള്‍ വഴിയുള്ള ഭക്ഷ്യവസ്തുക്കളുടെ സബ്‌സിഡി നിരക്ക് ഭേദഗതി ചെയ്യണമെന്ന് സാമ്ബത്തിക സര്‍വേ ശുപാര്‍ശ !  

ബജറ്റിന് മുന്നോടിയായുള്ള സാമ്ബത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. 2021-22 സാമ്ബത്തിക വര്‍ഷം 11 ശതമാനം സാമ്ബത്തികവളര്‍ച്ചയാണ് സര്‍വേ പ്രതീക്ഷിക്കുന്നത്. നടപ്പു സാമ്ബത്തികവര്‍ഷം ആദ്യ പാദം (ഏപ്രില്‍ – ജൂണ്‍) മൊത്തം ആഭ്യന്തര ഉത്പാദനം 23.9 ശതമാനം ചുരുങ്ങി. രണ്ടാം പാദത്തില്‍ 7.5 ശതമാനവും ജിഡിപി വളര്‍ച്ചാനിരക്ക് താഴോട്ടുപോയി. എന്തായാലും അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ സമ്ബദ്ഘടന തിരിച്ചുവരവിന്റെ പാതയില്‍ കടക്കുമെന്ന് സാമ്ബത്തിക സര്‍വേ പറയുന്നു.

ഇതേസമയം, പുതിയ സാമ്ബത്തികവര്‍ഷം ഒരുപിടി പുതിയ നിര്‍ദ്ദേശങ്ങള്‍ സര്‍വേ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഭക്ഷ്യ സബ്‌സിഡി പരിധിയിലേറെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യധാന്യങ്ങളുടെ വില്‍പ്പന വില സര്‍ക്കാര്‍ കൂട്ടണമെന്നാണ് പ്രധാന നിര്‍ദ്ദേശം.നിലവില്‍ അരി കിലോയ്ക്ക് മൂന്നു രൂപ സബ്‌സിഡി നിരക്കിലാണ് റേഷന്‍ കടകള്‍ വിതരണം ചെയ്യുന്നത്. ഗോതമ്ബിന് കിലോ രണ്ടു രൂപയും ഭക്ഷ്യധാന്യങ്ങള്‍ക്ക് കിലോ ഒരു രൂപയുമാണ് സബ്‌സിഡി നിരക്ക്. സബ്‌സിഡി ഇനത്തില്‍ കേന്ദ്രം വലിയ ബാധ്യത ഏറ്റെടുക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴിയുള്ള ഭക്ഷ്യവസ്തുക്കളുടെ സബ്‌സിഡി നിരക്ക് ഭേദഗതി ചെയ്യണമെന്ന് സാമ്ബത്തിക സര്‍വേ ശുപാര്‍ശ ചെയ്യുന്നു.

നിലവില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലാണ് കേന്ദ്രം റേഷന്‍ കടകളിലൂടെ സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിന് ഭക്ഷ്യസാമഗ്രികള്‍ ഉറപ്പുവരുത്തുന്നത്. 2013 -ല്‍ ഭക്ഷ്യസുരക്ഷാ നിയമം വന്നതിന് ശേഷം അരിയുടെയും ഗോതമ്ബിന്റെയും സബ്‌സിഡി നിരക്കുകള്‍ സര്‍ക്കാര്‍ പുതുക്കിയിട്ടില്ല. ഈ കാലഘട്ടത്തില്‍ ഉത്പാദനത്തിനും വിതരണത്തിനും ചിലവേറിയെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. 2020 -ലെ കേന്ദ്ര ബജറ്റില്‍ 1.15 ലക്ഷം കോടി രൂപയാണ് പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാനും ക്ഷേമനിധി പദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ വകയിരുത്തിയത്.

സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടു പ്രകാരം ദേശീയ ഭക്ഷ്യസുരക്ഷാ നിയമം വഴിയും പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന വഴിയുമാണ് ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രം ജനങ്ങളിലെത്തിച്ചത്. ഏപ്രില്‍ – ജൂണ്‍ കാലത്ത് പിഎംജികെഎവൈ പദ്ധതി പ്രകാരം ഒരാള്‍ക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം സര്‍ക്കാര്‍ നല്‍കി. 121 ലക്ഷം ടണ്‍ ധാന്യമാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്. 80.96 കോടി ജനങ്ങള്‍ക്ക് ഇതിലൂടെ ഗുണം ലഭിച്ചു. ജൂലായ് മുതല്‍ നവംബര്‍ വരെയുള്ള അഞ്ച് മാസക്കാലത്തേക്ക് കൂടി സര്‍ക്കാര്‍ പിഎംജികെഎവൈ പദ്ധതി നീട്ടുകയുണ്ടായി. 201 ലക്ഷം ടണ്‍ ധാന്യമാണ് ഈ കാലയളവില്‍ സര്‍ക്കാര്‍ അനുവദിച്ചത്.

ഇതിന് പുറമെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് വഴി ജൂണ്‍ – ഓഗസ്റ്റ് കാലയളവില്‍ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ പൊതുവിതരണ സംവിധാനത്തില്‍ പേരുചേര്‍ക്കാതിരുന്ന 5.48 കോടി കുടിയേറ്റ തൊഴിലാളികള്‍ക്കും കേന്ദ്രം ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ഉറപ്പുവരുത്തി. 2 ലക്ഷം ടണ്‍ അരിയും 0.74 ലക്ഷം ടണ്‍ ഗോതമ്ബുമാണ് സര്‍ക്കാരിന് ഇവിടെ ചിലവായത്. 989.30 കോടി രൂപയുടെ ബാധ്യത ഇതുമൂലം കേന്ദ്രത്തിന് സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team