ഫ്രിഡ്ജ്, ഏസി, എല്‍ഇഡി ബള്‍ബുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് ഏപ്രില്‍ മുതല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ വില നല്‍കേണ്ടി വരും.  

ധനമന്ത്രിയുടെ ബജറ്റ് വിലയിരുത്തുമ്പോള്‍ ഒന്നുരണ്ടു കാര്യങ്ങളില്‍ ജനം അതീവ സന്തുഷ്ടരാണ്. സ്വര്‍ണത്തിനും വെള്ളിക്കും ഏപ്രിലില്‍ വില കുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇറക്കുമതി തീരുവ കുറയുമ്പോള്‍ സ്വഭാവികമായും സ്വര്‍ണത്തിനും വെള്ളിയ്ക്കും ഇന്ത്യയില്‍ വില കുറയും. ഇതേസമയം, വീടുകളില്‍ പൊതുവായി ഉപയോഗിക്കുന്ന ചില ഉപകരണങ്ങള്‍ക്ക് വില വര്‍ധിക്കുമെന്ന കാര്യവും ഇവിടെ സൂചിപ്പിക്കണം.


കേന്ദ്ര ബജറ്റ്

ഫ്രിഡ്ജ്, ഏസി, എല്‍ഇഡി ബള്‍ബുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് ഏപ്രില്‍ മുതല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ വില നല്‍കേണ്ടി വരും.കാരണം ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഘടകങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫ്രിഡ്ജുകളിലും ഏസിയിലും ഉപയോഗിക്കുന്ന കംപ്രസറുകളുടെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്നും 15 ശതമാനമായാണ് കേന്ദ്രം കൂട്ടാന്‍ ഒരുങ്ങുന്നത്. സമാനമായി എല്‍ഇഡി ബള്‍ബ് ഘടകങ്ങള്‍ക്കും പ്രിന്റ് ചെയ്ത സര്‍ക്യൂട്ട് ബോര്‍ഡുകള്‍ക്കുമുള്ള നികുതി 5 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കൂടും.


മൊബൈലിന് വില കൂടും

സൗരോര്‍ജ്ജ ഇന്‍വേര്‍ട്ടറുകളുടെ കാര്യവും മറ്റൊന്നല്ല. ഇവയുടെ ഇറക്കുമതി തീരുവ 5 ശതമാനത്തില്‍ നിന്നും ഒറ്റയടിക്ക് 20 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തി. സൗരോര്‍ജ്ജ വിളക്കുകള്‍ 15 ശതമാനം നികുതി ആകര്‍ഷിക്കും. ഇറക്കുമതി ചെയ്യുന്ന പട്ടിന് 15 ശതമാനവും പരുത്തിക്ക് 5 ശതമാനവും നികുതി വര്‍ധനവ് ധനമന്ത്രി അറിയിച്ചത് കാണാം. നിലവില്‍ പട്ടിന് 15 ശതമാനമാണ് നികുതി; പരുത്തിക്ക് നികുതിയില്ലാതാനും.


മൊബൈൽ ഘടകങ്ങൾക്ക് ചിലവേറും

ഇറക്കുമതി ചെയ്യുന്ന തിരഞ്ഞെടുത്ത വാഹന ഘടകങ്ങള്‍ക്കും തീരുവ വര്‍ധിക്കാനിരിക്കുകയാണ്. ഗ്ലാസുകള്‍, വിന്‍ഡ്‌സ്‌ക്രീന്‍ വൈപ്പറുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം 15 ശതമാനം ഇറക്കുമതി തീരുവ ആകര്‍ഷിക്കും. നിലവില്‍ ഇതു 10 ശതമാനമാണ്. മൊബൈല്‍ ഫോണുകളുടെ ഘടകങ്ങള്‍ക്കും ഇറക്കുമതി തീരുവ ബാധകമാണ്.

പിസിബിഎ, ക്യാമറ മൊഡ്യൂള്‍, കണക്ടറുകള്‍, പിന്‍ കവറുകള്‍, സൈഡ് കീ, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ തുടങ്ങിയ ഘടകങ്ങള്‍ക്കെല്ലാം 2.5 ശതമാനം തീരുവ ഈടാക്കപ്പെടും. തത്ഫലമായി മൊബൈല്‍ ഫോണുകള്‍ക്ക് വില കൂട്ടാന്‍ നിര്‍മ്മാതാക്കളും നിര്‍ബന്ധിതരാകും. നിലവില്‍ മേല്‍പ്പറഞ്ഞ മൊബൈല്‍ ഘടകങ്ങള്‍ക്ക് സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഈടാക്കുന്നില്ല.


തുകൽ ഉത്പന്നങ്ങൾക്കും വില കൂടും

ഇറക്കുമതി തീരുവ ഇല്ലാതിരുന്ന ലിഥിയം അയോണ്‍ ബാറ്ററി ഘടകങ്ങളും ഏപ്രില്‍ മുതല്‍ 2.5 ശതമാനം നികുതി ആകര്‍ഷിക്കും. സമാനമായി ഇങ്ക് കാര്‍ട്രിഡ്ജുകള്‍, ഇങ്ക് സ്‌പ്രേ നോസില്‍ എന്നിവയിലും 2.5 ശതമാനം വീതം ഇറക്കുമതി തീരുവ ഒരുങ്ങും. പൂര്‍ത്തിയാക്കിയ തുകല്‍ ഉത്പന്നങ്ങള്‍ക്കും ഉപഭോക്താക്കള്‍ വൈകാതെ കൂടുതല്‍ വില കൊടുക്കണം. കാരണം തുകല്‍ ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം അടിസ്ഥാന തീരുവ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


കാർഷിക വികസന സെസ്

മറുഭാഗത്ത്, ഇറക്കുമതി ചെയ്ത നൈലോണ്‍ ഫൈബര്‍, നൈലോണ്‍ കയര്‍ എന്നിവയുടെ തീരുവ 7.5 ശതമാനത്തില്‍ നിന്നും 5 ശതമാനമായി സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. സ്വര്‍ണത്തിനും വെള്ളിക്കും പുറമെ മറ്റു വിലയേറിയ ലോഹങ്ങളായ പ്ലാറ്റിനം, പലേഡിയം എന്നിവയുടെ ഇറക്കുമതി തീരുവയും 12.5 ശതമാനത്തില്‍ നിന്നും 10 ശതമാനമായി നിജപ്പെട്ടു. പറഞ്ഞുവരുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 2.5 ശതമാനം കാര്‍ഷിക വികസന സെസ് ചുമത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team