പി എഫ് നിക്ഷേപങ്ങൾക് നികുതി വരുമ്പോൾ അറിയേണ്ട കാര്യങ്ങൾ!
അടുത്തകാലത്തായി വോളണ്ടറി പ്രോവിഡന്റ് ഫണ്ട് (വിപിഎഫ്) സംവിധാനം വഴി പ്രോവിഡന്റ് ഫണ്ടിലേക്ക് (പിഎഫ്) ഉയര്‍ന്ന നിക്ഷേപം നടത്താന്‍ ശമ്പളക്കാര്‍ ഉത്സാഹം കാട്ടുന്നുണ്ട്. പിഎഫില്‍ നിന്നുള്ള പലിശ വരുമാനത്തില്‍ സര്‍ക്കാര്‍ നികുതി പിടിക്കില്ലെന്നതുതന്നെ പ്രധാന കാരണം. ബാങ്ക് നിക്ഷേപങ്ങളെക്കാളും ചെറുകിട സമ്പാദ്യ പദ്ധതികളെക്കാളുമുള്ള ഉയര്‍ന്ന പലിശ നിരക്ക് പ്രോവിഡന്റ് ഫണ്ടിന്റെ മാറ്റുകൂട്ടുന്നു. എന്നാല്‍ പുതിയ ബജറ്റിലെ പ്രോവിഡന്റ് ഫണ്ട് നിര്‍ദ്ദേശം ശമ്പളക്കാരില്‍ ആശങ്ക പടര്‍ത്തുകയാണ്.
പിഎഫിനും നികുതി
സംഭവമെന്തന്നല്ലേ? നികുതി രഹിതമായ പ്രോവിഡന്റ് ഫണ്ടുകളിലെ നിക്ഷേപം സംബന്ധിച്ച് കേന്ദ്രം പുതിയ നിയന്ത്രണം കൊണ്ടുവരികയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ രണ്ടരലക്ഷം രൂപ വരെയുള്ള പിഎഫ് സംഭാവനകള്‍ക്ക് മാത്രമേ ഇനി നികുതി രഹിതമായ പലിശ ലഭിക്കുകയുള്ളൂ. അതായത് വര്‍ഷം രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ പിഎഫ് തുക നിക്ഷേപിക്കുന്നവര്‍ക്ക് പലിശ വരുമാനത്തില്‍ നികുതി നല്‍കേണ്ടി വരും.
2021 ഏപ്രില്‍ ഒന്നു മുതലുള്ള പിഎഫ് നിക്ഷേപങ്ങളിലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. എന്തായാലും പുതിയ നയം ഭാവിയില്‍ ഉയര്‍ന്ന വരുമാനം ലഭിക്കാനായി പ്രോവിഡന്റ് ഫണ്ടിലേക്ക് അധിക തുക അടയ്ക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായി മാറുകയാണ്.
ഇനിയെന്ത്?
പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപങ്ങള്‍ക്ക് പലിശ നികുതിയുണ്ടെന്ന് കേട്ട മാത്രയില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ വരട്ടെ. ആദ്യം നിങ്ങളടയ്ക്കുന്ന വാര്‍ഷിക പിഎഫ് നിക്ഷേപം രണ്ടരലക്ഷം രൂപയിലേറെയാണോയെന്ന് പരിശോധിക്കുക. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ശമ്പളക്കാരുടെയും പിഎഫ് നിക്ഷേപം പ്രതിമാസം 20,833 രൂപയില്‍ താഴെയാണ്; അതയാത് രണ്ടരലക്ഷം വാര്‍ഷിക പരിധി കവിയില്ല.
പറഞ്ഞുവരുമ്പോള്‍ പ്രതിവര്‍ഷം രണ്ടരലക്ഷം രൂപയ്ക്ക് മുകളിൽ പിഎഫ് നിക്ഷേപം നടത്തുന്നവരുടെ എണ്ണം മൊത്തം പിഎഫ് വരിക്കാരുടെ 1 ശതമാനത്തിലും താഴെയാണ്.
പരിധി കവിഞ്ഞാല്‍?
പ്രതിവര്‍ഷം രണ്ടരലക്ഷത്തിന് മുകളില്‍ പിഎഫ് നിക്ഷേമുള്ളവര്‍ എന്തു ചെയ്യണം, അടുത്ത ചോദ്യമിതാണ്. ഒരു ഉദ്ദാഹരണമെടുക്കാം. നിങ്ങളുടെ സാധാരണ പിഎഫ് സംഭാവന 60,000 രൂപയാണെന്ന് കരുതാം (പ്രതിമാസം 5,000 രൂപ). വോളണ്ടറി പിഎഫ് സംവിധാനം വഴി 2.4 ലക്ഷം രൂപ പിഎഫ് നിക്ഷേപത്തിലേക്ക് നിങ്ങള്‍ അധിക സംഭാവന ചെയ്യുന്നു. അപ്പോള്‍ പ്രതിവര്‍ഷമുള്ള പിഎഫ് നിക്ഷേപം മൂന്നു ലക്ഷം രൂപയാകും.
സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം പ്രകാരം രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമേ നികുതി ഇല്ലാതുള്ളൂ. ഈ അവസരത്തില്‍ നികുതി രഹിതമായ പലിശ വരുമാനം ലഭിക്കാന്‍ വിപിഎഫ് സംഭാവന കുറയ്ക്കണം.
വേതന നിയമം
ഇതേസമയം, പുതിയ പരിധി വെച്ച് വിപിഎഫ് സംഭാവന വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വേതന നിയമവും പരിശോധിക്കണം. വേതന നിയമം പ്രകാരം മൊത്തം വരുമാനത്തിന്റെ 50 ശതമാനമായിരിക്കണം ബേസിക് സാലറി. അതായത് നിങ്ങളുടെ ഇപ്പോഴുള്ള ശമ്പള ഘടന പുനഃക്രമീകരിക്കപ്പെടാം. പുതിയ വേതന നിയമം അടിസ്ഥാനപ്പെടുത്തുമ്പോള്‍ കമ്പനികള്‍ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന ബേസിക് സാലറി നല്‍കേണ്ടതായുണ്ട്. ഇത് പിഎഫ് സംഭാവന വര്‍ധിപ്പിക്കും.
പിഎഫിന് പകരം?
പിഎഫിലേക്ക് അധിക വിഹിതം നല്‍കേണ്ടെന്ന് തീരുമാനിക്കുന്നവര്‍ക്ക് വേറെയും നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ മുന്നിലുണ്ട്. സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികള്‍ ഭേദപ്പെട്ട റിട്ടേണ്‍ സമര്‍പ്പിക്കും.
പിഎഫിനോളം പലിശ നിരക്ക് ലഭിക്കില്ലെങ്കിലും നിലവിലുള്ള ബാങ്ക് നിക്ഷേപ നിരക്കുകളെക്കാളും ഉയര്‍ന്ന റിട്ടേണ്‍ നിരക്ക് മേല്‍പ്പറഞ്ഞ സമ്പാദ്യ പദ്ധതികള്‍ സമര്‍പ്പിക്കും. ഒപ്പം നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങളും ലഭിക്കും.