ജന്‍ ധന് അക്കൗണ്ട് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് ആനുകൂല്യ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
ദില്ലി; ജന്‍ ധന് അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് ആനുകൂല്യ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ് ബി ഐ യുടെ റുപേ ജന്‍ധന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.
രാജ്യത്തെ കുടുംബങ്ങളില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ടും ബാങ്കിംഗ് സേവനങ്ങളും ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ ഘട്ടത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും സബ്സിഡികളും കൃത്യമായി അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി അക്കൗണ്ടിന് പിന്നിലുണ്ടായിരുന്നു.
പ്രധാന് മന്ത്രി ജന്‍ ധന് യോജന (പിഎംജെഡിവൈ) പ്രകാരം ആകെ 41.75 കോടി അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ലോക്സഭയെ അറിയിച്ചിരുന്നു. ഇതില്‍ 35.96 കോടി അക്കൗണ്ടുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ലോക്സഭയില്‍ പ്രതിപക്ഷ ചോദ്യത്തിന് രേഖാ മൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.പൊതുമേഖലാ ബാങ്കുകള്‍ക്ക് കീഴില്‍ 40.48 കോടി അക്കൗണ്ടുകളാണ് തുറന്നിരിയ്ക്കുന്നത്. റൂറല്‍ റീജിയണല്‍ ബാങ്കുകള്‍ക്ക് കീഴില്‍ 1.27 കോടി അക്കൗണ്ടുകളും.
ജന്‍ധന്‍ അക്കൗണ്ടിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേട്ടം രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ആണ്.മാത്രമല്ല മിനിമം ബാലന്‍സും അക്കൗണ്ടില്‍ ആവശ്യമില്ല. കൂടാതെ എളുപ്പത്തിലുള്ള പണമിടപാടും സാധ്യമാകും. ആറുമാസം ബാങ്ക് അക്കൗണ്ട് മികച്ച രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ലഭ്യമാണ്.പതിനായിരം രൂപയോളം ഇങ്ങനെ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കും.