പോയവര്‍ഷം ഏറ്റവും കൂടുതല്വിറ്റുപോയ പാസഞ്ചര്‍ കാറുകളില്‍ 50 ശതമാനവും മാരുതിയുടെ!
ഒരു മാറ്റവുമില്ല; ഇന്ത്യന്‍ കാര്‍ വിപണിയിലെ രാജാവ് മാരുതി സുസുക്കി തന്നെ. പോയവര്‍ഷം മാരുതിയുടെ കാറുകള്‍ വാങ്ങാനാണ് ജനം ഏറ്റവും കൂടുതല്‍ താത്പര്യപ്പെട്ടത്. വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്ബോള്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് വിറ്റുപോയ പാസഞ്ചര്‍ കാറുകളില്‍ 50 ശതമാനവും മാരുതിയുടേതാണ്.
തുടര്‍ച്ചയായി നാലാം വര്‍ഷമാണ് പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ ഇന്ത്യന്‍ നിര്‍മാതാക്കളായ മാരുതി സമ്ബൂര്‍ണ ആധിപത്യം കയ്യടക്കുന്നത്. നിലവില്‍ രാജ്യത്തെ എസ്യുവി ശ്രേണിയില്‍ 14 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് കമ്ബനിക്ക്. 2018 -ല്‍ 26 ശതമാനമായിരുന്നു ഇത്. സെഡാനുകളുടെ വിപണിയില്‍ 50 ശതമാനവും വിവിധോദ്ദേശ്യ യൂട്ടിലിറ്റി വാഹനങ്ങളുടെ ശ്രേണിയില്‍ (എംയുവി) 55 ശതമാനവും വിഹിതം മാരുതി അവകാശപ്പെടുന്നു.ഇടത്തരം കോമ്ബാക്ട് കാറുകളുടെ ലോകത്ത് മാരുതിയുടെ മാര്‍ക്കറ്റ് സാന്നിധ്യം 53 ശതമാനത്തില്‍ നിന്നും 64 ശതമാനമായി വര്‍ധിച്ചു. ചെറുകാറുകളില്‍ 67 ശതമാനവും വാനുകളില്‍ 98 ശതമാനവും മാരുതിക്ക് മാര്‍ക്കറ്റ് വിഹിതമുണ്ട് ഇപ്പോള്‍. പറഞ്ഞുവരുമ്ബോള്‍ ഇടത്തരം എസ്യുവി ശ്രേണിയിലാണ് മാരുതി സുസുക്കി പതറുന്നത്. എംജി മോട്ടോര്‍, കിയ കമ്ബനികളുടെ കടന്നുവരവ് ശ്രേണിയുടെ സമവാക്യംതന്നെ തിരുത്തുകയാണ്. ഈ നിരയില്‍ വിദേശ നിര്‍മാതാക്കളോട് കിടപിടിക്കാന്‍ മാരുതിയുടെ പക്കല്‍ ഏറെ മോഡലുകളില്ല. നിലവില്‍ വിറ്റാര ബ്രെസ്സയില്‍ ഊന്നിയാണ് എസ്യുവി ലോകത്തെ മാരുതിയുടെ പിടിച്ചുനില്‍പ്പ്. നിരയില്‍ എസ്-ക്രോസുണ്ടെങ്കിലും മോഡലിന് കാര്യമായ ഡിമാന്‍ഡില്ല.
അതിവേഗം വളരുന്ന എസ്യുവി ശ്രേണിയില്‍ മാരുതി പിന്നിലാണെന്ന കാര്യം കമ്ബനിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രിവാസ്തവയും സമ്മതിക്കുന്നുണ്ട്. കോമ്ബാക്ട് എസ്യുവി മത്സരത്തില്‍ ബ്രെസ്സ മുന്നിലുണ്ടെങ്കിലും മറ്റു നിര്‍മാതാക്കളില്‍ നിന്നുള്ള മത്സരം ശക്തമാണ്. ഈ അവസരത്തില്‍ എസ്-ക്രോസിന്റെ വില്‍പ്പന കൂട്ടാനുള്ള വഴി തേടുകയാണ് മാരുതി.
കണക്കുകള്‍ ചികഞ്ഞാല്‍ ഗ്രാമീണ മേഖലയില്‍ മാരുതി കൂടുതല്‍ വേരുറപ്പിച്ചത് കാണാം. മാരുതിയുടെ മൊത്തം വില്‍പ്പനയില്‍ 41 ശതമാനവും ഗ്രാമീണ മേഖലയില്‍ നിന്നുള്ള സമര്‍പ്പണമാണ്. 2019 -ല്‍ ഇത് 35 ശതമാനം മാത്രമായിരുന്നു. പോയവര്‍ഷം പുതിയ വാഹനങ്ങളൊന്നും അവതരിപ്പിക്കാതെയാണ് മാരുതി വിവിധ ശ്രേണികളില്‍ വളര്‍ച്ച കൈവരിച്ചതെന്ന കാര്യവും പ്രത്യേകം പരാമര്‍ശിക്കണം.