ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ കുതിപ്പ് തുടരുന്നു.  

ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച്ച സര്‍വകാല റെക്കോര്‍ഡ് കുറിച്ച ബിറ്റ്‌കോയിന്‍ 1 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം പിന്നിട്ടിരിക്കുകയാണ്. കേവലമൊരു സാമ്ബത്തിക ‘കുമിളയാണെന്ന’ വിമര്‍ശകരുടെ വാദങ്ങളെ സാക്ഷിയാക്കിയാണ് ബിറ്റ്‌കോയിന്റെ പുതിയ നേട്ടം. ഇക്കഴിഞ്ഞ വാരം മാത്രം ബിറ്റ്‌കോയിന്റെ മൂല്യം 18 ശതമാനം കൂടി. ഈ വര്‍ഷം ഇതുവരെയുള്ള ചിത്രം നോക്കിയാല്‍ ബിറ്റ്‌കോയിന്റെ മൂല്യം 92 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്.

കുതിക്കുന്നു
വെള്ളിയാഴ്ച്ച ബിറ്റ്‌കോയിന്‍ യൂണിറ്റൊന്നിന് നിരക്ക് 56,000 ഡോളര്‍ പിന്നിട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച്ച 55,399.10 ഡോളര്‍ എന്ന നിരക്കിലാണ് ബിറ്റ്‌കോയിന്‍ വ്യാപാരം ചെയ്യപ്പെടുന്നത്. അതായത് ബിറ്റ്‌കോയിന്റെ ഒരു യൂണിറ്റ് ഇന്ത്യന്‍ രൂപ കൊടുത്തു വാങ്ങണമെങ്കില്‍ 40.32 ലക്ഷം മുടക്കണം. മുഖ്യധാരാ നിക്ഷേപകരില്‍ നിന്നും മുന്‍നിര കമ്ബനികളില്‍ നിന്നും താത്പര്യം ഉയരുന്നതാണ് ബിറ്റ്‌കോയിന്റെ കുതിപ്പിന് പിന്നിലെ പ്രധാന കാരണം.

വന്‍നിക്ഷേപം

നിലവില്‍ അമേരിക്കന്‍ വൈദ്യുത കാര്‍ നിര്‍മാതാവായ ടെസ്‌ല, ബഹുരാഷ്ട്ര സാമ്ബത്തികകാര്യ കമ്ബനിയായ മാസ്റ്റര്‍കാര്‍ഡ് ഇന്‍കോര്‍പ്പറേഷന്‍, അമേരിക്കന്‍ നിക്ഷേപ ബാങ്കായ ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലണ്‍ കോര്‍പ്പറേഷന്‍ (ബിഎന്‍വൈ മെലണ്‍) തുടങ്ങിയവര്‍ ബിറ്റ്‌കോയിനില്‍ വന്‍തുക ‘ഇറക്കിയിട്ടുണ്ട്’.

ഈ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് ലോകത്ത് ഇപ്പോഴുള്ള ബിറ്റ്‌കോയിനുകളുടെ സംയോജിത മൂല്യം 1.7 ലക്ഷം കോടി ഡോളറിലാണ് എത്തിനില്‍ക്കുന്നത്. നിലവില്‍ 10 ലക്ഷം കോടി ഡോളറാണ് സ്വര്‍ണത്തിന്റെ വിപണി മൂല്യമെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

മസ്ക് രംഗത്ത്

വ്യാഴാഴ്ച്ച ടെസ്‌ലാ മേധാവിയും ലോകത്തെ ഏറ്റവും വലിയ അതിസമ്ബന്നനുമായ ഇലോണ്‍ മസ്‌ക് കുറിച്ച ട്വീറ്റ് ബിറ്റ്‌കോയിന്റെ കുതിപ്പിന് പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്.

കയ്യില്‍ പണം കരുതുന്നതിനെക്കാളും ഭേദം ഡിജിറ്റല്‍ കോയിനെന്നാണ് മസ്‌ക് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്. ഒപ്പം 1.5 ബില്യണ്‍ ഡോളര്‍ കൊടുത്ത് ടെസ്‌ല കമ്ബനി ബിറ്റ്‌കോയിന്‍ വാങ്ങിയതിനെയും അദ്ദേഹം ന്യായീകരിച്ചു. ടെസ്‌ല നിക്ഷേപം നടത്തിയ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ട്വിറ്ററും യൂബറും അടക്കമുള്ള മുന്‍നിര കമ്ബനികള്‍ ബിറ്റ്‌കോയിനെ കുറിച്ച്‌ ആലോചിക്കാന്‍ തുടങ്ങിയത്.

മറ്റു ക്രിപ്റ്റോകറന്‍സികള്‍

‘ഡിജിറ്റല്‍ സ്വര്‍ണ’മെന്നാണ് ബിറ്റ്‌കോയിനെ പലരും ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന ഭീമന്‍ സാമ്ബത്തിക ഉത്തേജന പാക്കേജ് പണപ്പെരുപ്പം ഉയര്‍ത്തും. ഈ സാഹചര്യത്തില്‍ പണപ്പെരുപ്പത്തെ ചെറുത്തുനില്‍ക്കാന്‍ ബിറ്റ്‌കോയിന് കഴിയുമെന്നാണ് നിക്ഷേപകരുടെ വാദം. നിലവില്‍ ബിറ്റ്‌കോയിനൊപ്പം മറ്റു ചെറു ക്രിപ്‌റ്റോകറന്‍സികളും പ്രചാരവും മൂല്യവും കയ്യടക്കുന്നുണ്ട്.

വെള്ളിയാഴ്ച്ച ക്രിപ്‌റ്റോകറന്‍സിയായ ഈഥര്‍ 1.2 ശതമാനം വര്‍ധനവോടെ 1,974.99 ഡോളര്‍ രേഖപ്പെടുത്തി. ഷിക്കാഗോ മെര്‍ക്കന്‍ഡൈല്‍ എക്‌സ്‌ചേഞ്ചില്‍ ഈഥര്‍ ഫ്യൂച്ചറുകള്‍ അവതരിപ്പിച്ചതും ക്രിപ്‌റ്റോകറന്‍സിയുടെ കുതിപ്പിന് വേഗം പകര്‍ന്നു. സില്‍വര്‍ഗേറ്റ്, ക്യാപിറ്റര്‍ കോര്‍പ്പറേഷന്‍ പോലുള്ള ക്രിപ്‌റ്റോ ഓഹരികളെയും ബിറ്റ്‌കോയിന്റെ വളര്‍ച്ച സ്വാധീനിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team