മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം  

124 സർക്കാർ ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിൽസംസ്ഥാനത്തെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം (സ്‌കോർ 96.4%), കൊല്ലം ഉളിയക്കോവിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 93.5%), വയനാട് മുണ്ടേരി കൽപറ്റ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 91.92%) എന്നിവയ്ക്കാണ് ഇപ്പോൾ ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യൂ.എ.എസ് ബഹുമതി ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.ഇതോടെ സംസ്ഥാനത്ത് ആകെ 124 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചു. മൂന്ന് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, ഏഴ് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 32 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 78 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ആദ്യത്തെ 12 സ്ഥാനവും കേരളം നിലനിർത്തുന്നു.സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്, ഇൻപുട്‌സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം എന്നീ എട്ടു വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്. എൻ.ക്യു.എ.എസ് അംഗീകാരത്തിന് മൂന്നു വർഷകാലാവധിയാണുളളത്. എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team