അപ്രായോഗിക നിബന്ധനകൾ ഒഴിവാക്കണം: ബിസ്ബേ ഫൗണ്ടേഷൻ
കോഴിക്കോട്:
വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിനായി നിശ്ചയിച്ച പല മാനദണ്ഡങ്ങളും അപ്രായോഗികമാണെന്ന് വിദഗ്ദ്ധസമിതി അടക്കമുള്ള ഏജൻസികൾ വ്യക്തമാക്കിയ സ്ഥിതിക്ക് അത്തരം നിബന്ധനകൾ പിൻവലിച്ചുകൊണ്ട് ജനഹിതം മാനിക്കണമെന്ന് ബിസ്ബേ ഫൗണ്ടേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
ആരോഗ്യമന്ത്രി നിയമസഭയിൽ “അഭിലക്ഷണീയം”എന്ന് പറഞ്ഞ കാര്യം, സർക്കാർ ഉത്തരവിൽ കർശന നിയമമാക്കിയ സാഹചര്യം ഗൗരവത്തോടെ വിലയിരുത്തണം. ജനകീയ തീരുമാനങ്ങൾക്കു മേൽ ബ്യൂറോക്രസിയുടെ ആധിപത്യം തുടരുന്നതായി സൂചനകൾ ലഭിക്കുന്നുണ്ട്.
ഇത് കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ ജനാധിപത്യ സംവിധാനത്തിന് തന്നെ ഭീഷണിയാകും. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്സിൻ നിർബന്ധമാക്കുന്നതിന് മുമ്പ് അവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പെട്ടെന്ന് തന്നെ വാക്സിൻ ലഭ്യമാക്കുകയാണ് ചെയ്യേണ്ടതെന്നും ബിസ്ബേ അഭിപ്രായപ്പെട്ടു.