സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് തുടക്കമായി.
തിരുവനന്തപുരം : സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഭക്ഷ്യ-മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു.കോവിഡ് മഹാമാരിക്കാലത്തും ജനങ്ങള്‍ പട്ടിണി കിടക്കുന്നില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദേശത്തില്‍ പറഞ്ഞു. പട്ടിണി കുറയ്ക്കാനും വിഷമതകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ പരമാവധി ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.മറ്റേത് സംസ്ഥാനത്തേക്കാളും നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ കേരളത്തിനായതായി മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഓണത്തിനുള്ള സ്പെഷ്യല്‍ കിറ്റ് ഇതിനകം 12,72,521 പേര്‍ വാങ്ങി.അനര്‍ഹരില്‍നിന്ന് തിരികെ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകള്‍ അര്‍ഹര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സ്റ്റാളുകളുടെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും നിര്‍വഹിച്ചു.വിലക്കുറവില്‍ വാങ്ങാം സാധനങ്ങള്‍കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ഓണം ഫെയറുകളില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ ലഭിക്കും. ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ സബ്സിഡി വില ചുവടെ (നോണ്‍ സബ്സിഡി വില ബ്രായ്ക്കറ്റില്‍): ചെറുപയര്‍- 74 (82), ഉഴുന്ന്- 66 (98), കടല- 43 (63), വന്‍പയര്‍- 45 (80), തുവരന്‍ പരിപ്പ്- 65 (102), മുളക്- 75 (130), മല്ലി- 79 (92), പഞ്ചസാര- 22 (37.50), ജയ അരി- 25 (31), പച്ചരി- 23 (28), മട്ട അരി- 24 (29.50).വിപണന കേന്ദ്രങ്ങളില്‍നിന്ന് വാങ്ങുന്ന ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുമുതല്‍ 30 ശതമാനംവരെ വിലക്കിഴിവും ലഭിക്കും. താലൂക്ക് ഫെയറുകള്‍, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ 16 മുതല്‍ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേര്‍ന്ന് നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവര്‍ത്തനസമയം.